മേയ് 12 ദേശീയ അവയവദാന ദിനമായി ആചരിക്കാൻ സൗദി; പുതിയ സഹകരണ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
ജിദ്ദ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം രാജ്യത്ത് പുതിയ സഹകരണ നിയമത്തിന് അംഗീകാരം നൽകുകയും വർഷം തോറും മേയ് 12 ‘അവയവദാന ദിനമായി’ ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. സുഹൃദ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചകൾ വിലയിരുത്തിയ യോഗത്തിൽ, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച സന്ദേശവും ഉൾപ്പെട്ടിരുന്നു.
സൗദി അറേബ്യ, തുർക്കി, പാക്കിസ്താൻ എന്നീ രാജ്യങ്ങൾ പങ്കാളികളായ ‘മക്ക സംയുക്ത പ്രതിരോധ കരാറി’െൻറ ഭാഗമായുള്ള പ്രതിരോധ രാഷ്ട്രീയ തന്ത്രപ്രധാന സമിതിയുടെ പ്രഥമ യോഗ തീരുമാനങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനായി സൗദി കേന്ദ്രീകരിച്ച് ജനറൽ സെക്രട്ടറിയേറ്റ് രൂപവത്കരിക്കുന്നതിനും സ്ഥാപനപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനും യോഗത്തിൽ ധാരണയായി. ഇത് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിനും കൂട്ടായ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വഴിവെക്കും.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക സമ്മേളന തീരുമാനങ്ങളെക്കുറിച്ച് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി വിശദീകരിച്ചു. ഇസ്ലാമിക ലോകത്തിെൻറ പൊതുവിഷയങ്ങളിലും സമാധാനശ്രമങ്ങളിലും സൗദിയുടെ പിന്തുണ തുടർന്നും വാഗ്ദാനം ചെയ്ത യോഗം, ഒ.ഐ.സി പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഇസ്മാഈൽ ഔൽദ് ശൈഖ് അഹ്മദിനെ അഭിനന്ദിക്കുകയും സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറൽ ഹിസൈൻ ബ്രാഹിം താഹയുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള 21 ‘ഹെൽത്തി സിറ്റികൾ’ നേടി പ്രാദേശികതലത്തിൽ സൗദി കൈവരിച്ച മുൻതൂക്കത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും രാജ്യം നൽകുന്ന മുൻഗണനയുടെ തെളിവാണിതെന്ന് യോഗം നിരീക്ഷിച്ചു.
ഭൂമി വീണ്ടെടുക്കൽ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ആഗോള പുരസ്കാരം സ്വന്തമാക്കിയ സൗദിയുടെ ദേശീയ ഹരിതവൽക്കരണ പദ്ധതിയെയും യോഗം പ്രശംസിച്ചു. കൂടാതെ, അറബ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ പ്രസിഡൻറായി സൗദിയെ വീണ്ടും തിരഞ്ഞെടുത്തതിനെയും യോഗം വിലയിരുത്തി.
വിവിധ നയതന്ത്ര, ദ്വിരാഷ്ട്ര കരാറുകൾക്കും നിയമനങ്ങൾക്കും യോഗത്തിൽ അംഗീകാരം നൽകി. ഗ്രീസ് സർക്കാരുമായി നയതന്ത്ര, വിശിഷ്ട, സർവീസ് പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇളവ് നൽകുന്ന കരാറിനും സിറിയൻ തദ്ദേശ ഭരണ-പരിസ്ഥിതി മന്ത്രാലയവുമായി നഗരസഭ, പാർപ്പിട വികസന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിനും അംഗീകാരം ലഭിച്ചു.
അർജൻറീനയുമായി ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറിലും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ജിബൂട്ടിയിലെ നാഷനൽ ഏജൻസിയുമായും, ഇൻഷുറൻസ് മേഖലയിലെ പരിശീലനത്തിനായി ഗേൺസി ഫിനാൻഷ്യൽ സർവീസസ് കമീഷനുമായും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ ബന്ധപ്പെട്ടവർക്ക് ചുമതല നൽകി.
കിങ് ഫഹദ് നാഷനൽ ലൈബ്രറിയും പോളണ്ട് നാഷനൽ ലൈബ്രറിയും തമ്മിലുള്ള ധാരണാപത്രത്തിനും അൽ ഖസീം, അൽ ജൗഫ്, ഹാഇൽ സർവകലാശാലകളുടെ കണക്കുകൾക്കും യോഗം അംഗീകാരം നൽകി. വിവിധ അതോറിറ്റികളുടെ വാർഷിക റിപ്പോർട്ടുകൾ പരിശോധിച്ച മന്ത്രിസഭ, മദീന പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറായി ഡോ. ഷാഹിർ ബിൻ അഹമ്മദ് അൽ ഔഫിയെ നിയമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

