സൗദിയിൽ വൻ സുരക്ഷാ പരിശോധന; ഒരാഴ്ചക്കുളളിൽ 15,000-ലധികം നിയമലംഘകർ പിടിയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 15,200-ലധികം വിദേശികളെ ജൂൺ 18 മുതൽ 24 വരെയുള്ള കാലയളവിൽ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇതിൽ 7.5 ആയിരം പേർ താമസ നിയമ ലംഘകരും, 4.4 ആയിരം പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, മൂവായിരത്തിലധികം പേർ തൊഴിൽ നിയമ ലംഘകരുമാണ്.
നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച 1,763 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു; ഇവരിൽ 55 ശതമാനം എത്യോപ്യക്കാരും 44 ശതമാനം യമനികളുമാണ്. നിയമലംഘകർക്ക് താമസ-യാത്രാ സൗകര്യങ്ങളോ ജോലിയോ നൽകിയ 22 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ 2,073 സ്ത്രീകൾ ഉൾപ്പെടെ 26,400 വിദേശികൾ ശിക്ഷാ നടപടികൾ നേരിടുന്നുണ്ട്. യാത്രാ രേഖകളില്ലാത്ത 16,300 പേരെ ഔട്ട്പാസിനായി നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 3,618 പേരുടെ ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുമ്പോൾ, നടപടികൾ പൂർത്തിയാക്കിയ 11,200-ലധികം പേരെ ഇതിനകം നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലവും കണ്ടുകെട്ടുകയും, പ്രതികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. ഇത് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ '911' എന്ന നമ്പറിലും, മറ്റ് ഭാഗങ്ങളിൽ '999', '996' എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

