രാപ്പകൽ വ്യത്യാസമില്ലാതെ വൻ വ്യോമാക്രമണം; 24 ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും തകർത്ത് സൗദി
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായി നടന്ന വൻതോതിലുള്ള ഡ്രോൺ-മിസൈൽ ആക്രമണ ശ്രമങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞു. രാജ്യത്തിെൻറ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും സിവിലിയൻ മേഖലകളെയും ലക്ഷ്യം വെച്ചെത്തിയ ആകെ 24 സായുധ ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളുമാണ് പ്രതിരോധ വിഭാഗം ആകാശത്തുവെച്ച് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി റുബ് അൽ ഖാലി മേഖലയിലൂടെ എത്തിയ ഒമ്പത് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. ഇതിന് പുറമെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ എട്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും, അൽ ഖർജ് പട്ടണത്തിന് കിഴക്ക് ഭാഗത്തായി എത്തിയ അഞ്ച് ഡ്രോണുകളും സൈന്യം നശിപ്പിച്ചു. അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഹഫർ അൽ ബാത്തിൻ മേഖലയിൽ രണ്ട് ഡ്രോണുകളും വെടിവെച്ചിട്ടവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം റുബ് അൽ ഖാലി, കിഴക്കൻ അൽ ജൗഫ്, അൽ ഖർജ് എന്നിവിടങ്ങൾ ലക്ഷ്യമാക്കി എത്തിയ 15-ലധികം ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും പ്രതിരോധ സേന പരാജയപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിെൻറ സുരക്ഷക്കും തന്ത്രപ്രധാനമായ ഇൻസ്റ്റേലേഷനുകൾക്കും നേരെ ഉയരുന്ന ഏതൊരു ഭീഷണിയും നേരിടാൻ സൗദി പ്രതിരോധ സേന പൂർണ സജ്ജമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

