ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കി
text_fieldsജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലും വൈറൽ പനി പടർന്നുപിടിക്കുന്ന സഹചര്യത്തിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളിലെ രണ്ട് വിദ്യാർഥികൾ അമിതമായ പനിയും ന്യൂമോണിയയും ബാധിച്ച് മരിച്ചിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥി അബ്ദുല്ല ജോദ്പുരി, എൽ.കെ.ജി വിദ്യാർഥി സയിദ് ഫർഹാനുദ്ദീൻ എന്നീ കുട്ടികളാണ് മരിച്ചത്. വിദ്യാർഥികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.
വിവിധ അസുഖങ്ങൾ ബാധിച്ച ചില വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നുണ്ടെന്നും ഇത് മറ്റു കുട്ടികൾക്കും അസുഖം വരാൻ ഇടയാക്കുന്നുണ്ടെന്നും കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കികൊണ്ട് രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ പ്രിൻസിപ്പൽ പറയുന്നു. പനി, ജലദോഷം തുടങ്ങിയ രോഗങ്ങളോ രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടതില്ല. ഇങ്ങിനെ അവധിയെടുക്കുന്ന വിദ്യാർഥികൾക്ക് അവരുടെ ക്ലാസ് ഭാഗങ്ങളും ഹോം വർക്കുകളും അസൈൻമെന്റുകളും അതാത് ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിക്കും. പ്രത്യേകിച്ച് അസുഖങ്ങളോ രോഗലക്ഷണങ്ങളോ ഒന്നും ഇല്ലാത്ത കുട്ടികളെ മാത്രം സ്‌കൂളിലേക്ക് അയച്ചാൽ മതിയെന്നും അവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

