മദീനയിലെ മസ്ജിദുൽ ഖിബ്‌ലത്തൈൻ ഇനി 24 മണിക്കൂറും തുറന്നിരിക്കും
text_fieldsമദീന: ചരിത്രപ്രസിദ്ധമായ മസ്ജിദുൽ ഖിബ്‌ലത്തൈൻ ഇനി മുതൽ 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നിരിക്കുമെന്ന് പ്രഖ്യാപനം. വിശ്വാസികൾക്ക് എല്ലാ സമയത്തും നമസ്‌കാരം നിർവഹിക്കുന്നതിന് സൗകര്യമൊരുക്കിക്കൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രാജകീയ നിർദേശത്തിൽ മദീന മേഖലാ അമീറും പ്രാദേശിക വികസന അതോറിറ്റി ചെയർമാനുമായ അമീർ സൽമാൻ ബിൻ സുൽത്താൻ, സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. പള്ളികളോടുള്ള രാജ്യത്തിൻ്റെ നിരന്തരമായ ശ്രദ്ധയും, വിശുദ്ധ സ്ഥലങ്ങളിലെ തീർഥാടകർക്കും സന്ദർശകർക്കുമുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അവർക്കുള്ള പ്രതിബദ്ധതയും ഈ തീരുമാനം എടുത്തു കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. '
ഈ രാജകീയ നിർദേശം ഇരുഹറമുകൾ ഉൾപ്പെടെയുള്ള പള്ളികളുടെ സംരക്ഷണത്തിനായി രാജ്യം തുടരുന്ന സമർപ്പണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇസ്‌ലാമിനും മുസ്‌ലിംങ്ങൾക്കും സേവനം ചെയ്യുന്നതിൽ സൗദി അറേബ്യയുടെ സന്ദേശം ഇത് ഉൾക്കൊള്ളുന്നു.' അമീർ സൽമാൻ ബിൻ സുൽത്താൻ കൂട്ടിച്ചേർത്തു. മസ്ജിദുൽ ഖിബ്‌ലത്തൈനിയിൽ വിശ്വാസികളുടെ സൗകര്യവും ആത്മീയ അനുഭവവും ഉറപ്പാക്കുന്നതിനുള്ള എല്ലാ പ്രവർത്തന നടപടികളും ബന്ധപ്പെട്ട അധികൃതർ ആരംഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
രാജകീയ ഉത്തരവ് നേതൃത്വത്തിൻ്റെ കരുതലിന് ഉദാഹരണമാണെന്ന് ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗനിർദേശ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ അൽശൈഖ് പറഞ്ഞു. ചരിത്രപരമായ പള്ളികൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള ഖിബ്‌ലത്തൈൻ പോലെയുള്ള പള്ളികൾക്ക് നൽകുന്ന ഉയർന്ന പരിഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 24 മണിക്കൂറും പ്രവർത്തിക്കാൻ മസ്ജിദുൽ ഖിബ്‌ലത്തൈൻ പൂർണ്ണമായും സജ്ജമാണെന്നും, ആരാധകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളികളുടെ വികസന പദ്ധതികൾ തുടരുമെന്നും ഇസ്‌ലാമിനും മുസ്‌ലിംങ്ങൾക്കും സേവനം ചെയ്യുന്നതിൽ സൗദി അറേബ്യയുടെ മുൻനിര പങ്ക് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

