ചരിത്ര പള്ളികളുടെ നവീകരണത്തിന് പദ്ധതി: 30 പള്ളികളുടെ പുനരുദ്ധാരണം പൂർത്തിയായി
text_fieldsയാംബു: സൗദിയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പുരാതന പള്ളികളുടെ സംരക്ഷണത്തിനും നവീകരണത്തിനുമുള്ള മുഹമ്മദ് ബിൻ സൽമാൻ പദ്ധതി പ്രവർത്തന പുരോഗതിയിൽ. പദ്ധതി പ്ര ഖ്യാപിച്ചശേഷം 423 ദിവസത്തിനുള്ളിൽ 50 ദശലക്ഷം റിയാൽ ചെലവഴിച്ച് രാജ്യത്തെ വിവിധ പ്രദേ ശങ്ങളിലെ 30 പൗരാണിക പള്ളികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക ചരിത്രത്തിൽ പ്രാധാന്യമുള്ള രാജ്യത്തെ 130 പുരാതന പള്ളികൾ തനിമ നിലനിർത്തി വികസിപ്പിക്കാനും സംരക്ഷിക്കാനുമാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്.
പൈതൃക പ്രദേശങ്ങളും ചരിത്രപ്രാധാന്യമുള്ള പള്ളികളും സംരക്ഷിക്കുക വഴി സന്ദർശകർക്ക് രാജ്യത്തിെൻറ ചരിത്ര പാരമ്പര്യം പകർന്നുനൽകാൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. പദ്ധതിയുടെ ഭാഗമായി ചരിത്രത്തിൽ അവഗാഹമുള്ളവരുടെയും പൈതൃക കെട്ടിടങ്ങൾ പുനരുദ്ധരിക്കാൻ കഴിവുള്ളവരുടെയും സഹകരണം തേടിയിരുന്നു. വാസ്തുവിദ്യയിലും കെട്ടിടനിർമാണ വൈഭവത്തിലും പ്രാവീണ്യമുള്ളവരുടെ പങ്കാളിത്തവും ഉപയോഗപ്പെടുത്തി.
ഇസ്ലാമികകാര്യ മന്ത്രാലയം, കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, പൈതൃക സംരക്ഷണത്തിനായുള്ള സൗദി സൊസൈറ്റി, ദേശീയ പൈതൃക ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പുനരുത്ഥാന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത്. വിഷൻ 2030െൻറ ഭാഗമായി ബാക്കിയുള്ള പള്ളികളുടെയും നവീകരണവും പൈതൃക സംരക്ഷണ പദ്ധതികളും പൂർത്തിയാക്കാനാണ് തീരുമാനം.
ഓരോ പ്രദേശത്തും ചരിത്രത്തിൽ രേഖപ്പെടുത്തിയതും ഏറ്റവും പഴക്കമുള്ളതുമായ പള്ളികൾ അവയുടെ പഴമ നിലനിർത്തിയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയും ഇസ്ലാമിക വാസ്തുകലകൾ കോർത്തിണക്കിയുമാണ് നവീകരണം നടത്തുന്നത്. സന്ദർശകരെ വിവിധരീതിയിൽ രാജ്യത്തേക്ക് ആകർഷിക്കാനും ടൂറിസത്തിലൂടെ എണ്ണയിതര വരുമാനം വർധിപ്പിക്കാനും ലക്ഷ്യമാക്കി വൈവിധ്യമാർന്ന പദ്ധതികൾ ഇതിനകം സൗദി ഭരണകൂടം നടപ്പാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
