മസ്ജിദുൽ ഹറം ശുചീകരിക്കുന്നത് 35 മിനിറ്റിനുള്ളിൽ
text_fieldsമക്കയിലെ മസ്ജിദുൽ ഹറമിൽ നടക്കുന്ന ക്ലീനിങ് ജോലിയുടെ ദൃശ്യങ്ങൾ
മക്ക: തീർഥാടക ലക്ഷങ്ങളെത്തുന്ന റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ ശുചീകരണം പൂർത്തിയാക്കുന്നത് വെറും 35 മിനിറ്റിനുള്ളിലാണെന്ന് ഇരു ഹറം കാര്യാലയ അതോറിറ്റി അറിയിച്ചു. ക്ലീനിങ് ടീമുകൾ മസ്ജിദുൽ ഹറമിന്റെ ഉൾഭാഗങ്ങൾ പൂർണമായി ക്രൃത്യമായ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന കാഴ്ച്ച വിസ്മയകരമാണ്. ഉംറക്കും പ്രാർഥനക്കുമെത്തുന്ന വിശ്വാസികൾക്ക് അവരുടെ കർമങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കാൻ ഒരു തടസ്സവുമില്ലാത്ത രീതിയിലാണ് ഹറമിൽ ക്ലീനിങ് നടക്കുന്നത്.
3500 പുരുഷ-സ്ത്രീ തൊഴിലാളികളടങ്ങുന്ന ശുചീകരണ ടീമുകൾ 24 മണിക്കൂറും ഹറമിൽ കർമനിരതരാണ്. ക്ലീനിങ്ങിനായി 12 പ്രത്യേക വാഷിങ് മെഷീനുകളും 679 ക്ലീനിങ് മെഷീനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി മസ്ജിദുൽ ഹറമിന് അകത്തും പുറത്തുമായി 3,000ലധികം മാലിന്യ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 70 ടൺ മാലിന്യങ്ങളാണ് ഇവിടെനിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്നത്. ഹറമിൽ കൂടുതൽ തിരക്ക് ഉണ്ടാകുന്ന ഘട്ടങ്ങളിൽ 100 ടൺ വരെ മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ടെന്നും ഇരുഹറം കാര്യാലയ അതോറിറ്റി അറിയിച്ചു.
ഹറമിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും തീർഥാടകരുടെയും ആരാധകരുടെയും സഞ്ചാരത്തെ ബാധിക്കാതെയുള്ള പ്രവർത്തനങ്ങളാണ് പ്രാവർത്തികമാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് സുരക്ഷയോടും ആരോഗ്യത്തോടും ഹറമിൽ കർമങ്ങളനുഷ്ഠിക്കാൻ മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ അതോറിറ്റി കുറ്റമറ്റ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.