എസ്.ഐ.ആർ; ആശങ്കകൾ ഏറെ
text_fieldsരാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും എസ്.ഐ.ആർ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ധിറുതിപിടിച്ച തീരുമാനം തുടക്കം മുതൽ ഏറെ ആശങ്കയുണർത്തുന്നതാണ്. കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലിൽ നിൽക്കുമ്പോൾ യാതൊരു മുന്നൊരുക്കവുമില്ലാതെ തുടങ്ങിവെച്ച ഈ പ്രക്രിയ നാൾക്കുനാൾ കൂടുതൽ സങ്കീർണമാവുകയാണ്. ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് വ്യാപകമായി ബി.എൽ.ഒമാർ പരാതിപ്പെടുന്നത് പതിവാകുന്നു.
അതിനിടയിൽ സമ്മർദം താങ്ങാനാവാതെ ഒരു ബി.എൽ.ഒ ആത്മഹത്യ കൂടി ചെയ്തതോടെ ഇ.സിയുടെ ധിറുതിപിടിച്ച തീരുമാനം വ്യാപകമായി വിമർശിക്കപ്പെട്ടു. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും കേരളാസർക്കാരും സുപ്രീംകോടതിയെ സമീപിച്ചതും ഇതിനെ തുടർന്നാണ്. ചുരുങ്ങിയ സമയം നൽകിക്കൊണ്ടുള്ള ഇലക്ഷൻ കമീഷന്റെ ധൃതി സ്വാഭാവികമായും പൊതുജനത്തിന്റെ ആശങ്ക വർധിപ്പിക്കുന്നു.
2002ലെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കുമ്പോൾ പല കോണുകളിൽനിന്നും ചോദ്യമുയരുന്നുണ്ട്. 23 വർഷം മുമ്പുള്ള പട്ടിക തെരഞ്ഞെടുത്തപ്പോൾ തന്നെ ബീഹാറിലെ പോലെ വ്യാപകമായി ജനങ്ങൾ പട്ടികയിൽനിന്നും പുറത്തുപോകുമെന്ന ഭീതി പടർന്നു. 2002ൽ വോട്ട് ചെയ്ത പല വ്യക്തികളും കുടുംബങ്ങളും ഇപ്പോൾ ഇ.സി പ്രസിദ്ധീകരിച്ച അന്നത്തെ വോട്ടർ പട്ടികയിലില്ലെന്ന വ്യാപകമായ പരാതിയും ഉയരുന്നുണ്ട്.
ആശങ്കപ്പെടാനൊന്നുമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിക്കുമ്പോഴും എസ്.ഐ.ആറിന്റെ മറവിൽ പൗരത്വ പട്ടിക പരിഷ്കരണം ഒളിച്ചു കടത്തുന്നതാണെന്ന് വ്യാപകമായി പരാതി ഉയർന്നത് പ്രവാസികളടക്കം വലിയൊരു വിഭാഗത്തിന്റെ ഭീതിയും സംശയവും വർധിപ്പിച്ചു.
എന്നിരുന്നാലും വിദ്യാഭ്യാസപരമായി മുന്നാക്കം നിൽക്കുന്ന കേരളത്തിൽ എസ്.ഐ.ആർ വലിയ ഭീഷണി ഉയർത്തുന്നില്ല എന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും ബിഹാർ പോലെയുള്ള പിന്നാക്കം നിൽക്കുന്ന മിക്ക സംസ്ഥാനങ്ങളിൽനിന്നും പതിനായിരക്കണക്കിന് പേർ വോട്ടർ പട്ടികയിൽനിന്നും പുറത്ത് പോകുന്നൊരു സാഹചര്യമുണ്ടാകും. അങ്ങനെയൊരു അവസ്ഥ രാജ്യത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിക്കും.
സി.കെ. അഹമദ് തേറളായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

