ഗവൺമെൻറ് വകുപ്പുകളിൽ  സ്വദേശിവത്​കരണം ഒന്നാംഘട്ടം ആരംഭിച്ചു 

ജിദ്ദ: ഗവൺമ​െൻറ് വകുപ്പുകളിൽ സ്വദേശിവത്​കരണ പദ്ധതിയുടെ ഒന്നാംഘട്ട ം ആരംഭിച്ചതായി സിവിൽ സർവീസ്​ സഹമന്ത്രി അബ്​ദുല്ല ബിൻ അലി അൽമലഫി പറഞ്ഞു. ഗവൺമ​െൻറ്​ വകുപ്പുകളിലെ പൊതുവായ ജോലികളിൽ നിന്ന്​ വിദേശികളെ പൂർണമായി ഒഴിവാക്കി സ്വദേശികളെ  നിയോഗിക്കുകയാണ്​  ലക്ഷ്യം​. ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന്​ തയാറാക്കുന്ന പദ്ധതിയുടെ അടിസ്​ഥാനത്തിലായിരിക്കും ഇത്​. എല്ലാ വശങ്ങളും പരിശോധിച്ചും സ്വദേശികൾക്ക്​ നൽകുന്ന സേവനങ്ങളെ ബാധിക്കാതെയും ഇതു നടപ്പിലാക്കാൻ ഒരോ വകുപ്പിനും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. 
 2020 ആകു​​േമ്പാഴേക്കും 28000 തസ്​തികകളിൽ സ്വദേശികളെ നിയമിക്കാനാണ്​ പദ്ധതി. ഇതിനായി ഗവൺമ​െൻറ്​ വകുപ്പുകളിലെ വിദഗ്​ധരുടെ നിരവധി ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്​.  ഗവൺമ​െൻറ്​ മേഖലയിൽ വിദേശികൾ ഏറ്റവും കൂടുതലുള്ളത്​ ആരോഗ്യം, വിദ്യാഭ്യാസം   വകുപ്പുകളിലാണ്​. ഇതിനു പല കാരണങ്ങളുമുണ്ട്​. രാജ്യത്തെ വിവിധ മേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വലിയ വികസനമാണ് ഉണ്ടായത്​​​.  
ആവശ്യത്തിന്​ സ്വദേശികളായ വിദഗ്​ധരില്ലാത്തതിനാൽ​ ഇരു വകുപ്പുകളിലും വിദേശികളുടെ എണ്ണം കൂടി. 
അതുകൊണ്ടാണ്​​ സ്വദേശിവത്​കരണത്തിനു ഇരു വകുപ്പുകൾക്കും​ മുൻഗണന നൽകുന്നത്​. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്​ഥാപനങ്ങളും സൗദി കമീഷൻ ഫോർ ഹെൽത്ത്​ സ്​പെഷ്യാലിറ്റീസും പോലുള്ളവ ഗവൺമ​െൻറ്​ വകുപ്പുകളുമായി സഹകരിച്ച്​ നടത്തുന്ന പ്രവർത്തനങ്ങൾ ഭാവിയിൽ നല്ല ഫലമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. 
ഗവൺമ​െൻറ്​ മേഖലയിൽ രാജ്യത്ത്​ നിന്നോ, വിദേശത്തു നിന്നോ കരാറടിസ്​ഥാനത്തിൽ വിദേശികളെ ജോലിക്ക്​ നിയമിക്കുന്നതൊഴിവാക്കി പകരം സ്വദേശികൾക്ക്​ തൊഴിലവസരമൊരുക്കലാണ്​ മറ്റൊരു പദ്ധതി. ഇതിനായി കമ്പ്യൂട്ടർ പ്രേ​ാഗ്രാം ഒരുക്കി വരികയാണ്​. ഉടനെ ഇത്​ ആരംഭിക്കും. തൊഴിൽ, വിദേശം, പാസ്​പോർട്ട്​ എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും ഇത്​. 
പൊതു ജോലികൾ സ്വദേശികൾക്ക്​ അവകാശപ്പെട്ടതാണ്​. ​ജോലിക്ക്​ നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയായ സ്വദേശികളുണ്ടെങ്കിൽ വിദേശികളെ പ്രസ്​തുത ജോലികളിൽ നിയമിക്കാൻ സാധിക്കില്ലെന്നും സിവിൽ സർവീസ്​ സഹമന്ത്രി പറഞ്ഞു.
COMMENTS