ഉറ്റവരുടെ കാത്തിരിപ്പിന് വിരാമം; ആറുവർഷമായി നാട്ടിൽപോകാത്ത പൊന്നാനി സ്വദേശി നാടണഞ്ഞു
text_fieldsമൻസൂറിന് യാത്രരേഖകൾ പി.സി.ഡബ്ല്യു.എഫ് റിയാദ് ചാപ്റ്റർ ഭാരവാഹികൾ കൈമാറുന്നു
റിയാദ്: ഉറ്റവരുടെ പ്രാർഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് മൻസൂർ നാട്ടിലെത്തി. മലപ്പുറം പൊന്നാനി സ്വദേശിയായ മൻസൂർ ആറു വർഷത്തിനുശേഷമാണ് നാടണഞ്ഞത്. ആറുവർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തി സ്പോൺസർമാരുടെ തർക്കത്തിൽ ഹുറൂബായതാണ് നാട്ടിൽപോകാൻ തടസ്സമായത്. പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് ഘടകം ജനസേവന വിഭാഗം കൺവീനർ അബ്ദുൽ റസാഖ് പുറങ്ങിന്റെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ഷഫീഖ് പൊന്നാനിയുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് എംബസിയിൽനിന്നും രേഖകൾ ശരിയാക്കി നാട്ടിലേക്ക് തിരിച്ചുപോക്ക് സാധ്യമാക്കിയത്.
തന്റെ പെങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അവസാനമായി മൻസൂർ നാട്ടിൽ പോയത്. ലീവിനുശേഷം ഏറെ പ്രതീക്ഷകളോടെ റിയാദിലേക്ക് തിരിച്ചുപറന്നു. പക്ഷേ അയാളെ കാത്തിരുന്നത് അപ്രതീക്ഷിത പ്രതിസന്ധികളായിരുന്നു. തന്റെ തൊഴിലുടമയും സ്വദേശിയായ ബിസിനസ് പാർട്ണറും തമ്മിലുള്ള അസ്വാരസ്യങ്ങളായിരുന്നു തുടക്കം. വൈകാതെ ശമ്പളം മുടങ്ങിത്തുടങ്ങി. അവർ തമ്മിലുള്ള തർക്കം മുർച്ഛിച്ചതോടെ മൻസൂറിനെ പുതിയ ജോലിയിലേക്കെന്ന് പറഞ്ഞ് ത്വാഇഫിലേക്ക് മാറ്റി.
ഒറ്റപ്പെട്ട മരുഭൂമിയിലെ കൃഷിത്തോട്ടത്തിലായിരുന്നു പുതിയ ജോലി. ഭക്ഷണത്തിനും വെള്ളത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും വരെ ഏറെ ബുദ്ധിമുട്ടി. അടുത്ത ദിവസം തന്നെ ഒരു സ്വദേശിയുടെ സഹായത്തോടെ അവിടെനിന്നും രക്ഷപ്പെട്ടു. തിരിച്ചുവരുന്ന വഴി തൊഴിലുടമ നൽകിയ കളവുകേസ് അടിസ്ഥാനത്തിൽ പൊലീസ് പിടിച്ചു. തന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് മനസ്സലിവ് തോന്നിയ ഉദ്യോഗസ്ഥൻ മൻസൂറിനെ വെറുതെ വിട്ടു.
പിന്നീട് ചെറിയ പുറം ജോലികൾ ചെയ്തായിരുന്നു മൻസൂർ കഴിഞ്ഞിരുന്നത്. കോവിഡ് സമയത്ത് കുറെനാൾ ജോലിയില്ലാതെയും കഴിയേണ്ടിയുംവന്നു. മൂന്നുമാസം മുമ്പ് മൻസൂറിന്റെ ഭാര്യയാണ് പി.സി.ഡബ്ല്യു.എഫ് റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി കബീർ കാടൻസിനോട് സഹായം അഭ്യർഥിച്ചത്.
റിയാദ് കമ്മിറ്റി പ്രസിഡൻറ് അൻസാർ നൈതല്ലൂർ, ജനസേവന വിഭാഗം കൺവീനർ അബ്ദുറസാഖ് പുറങ്ങ്, വൈസ് പ്രസിഡന്റ് അസ്ലം കളക്കര, സെക്രട്ടറി പി.വി. ഫാജിസ്, ആർട്സ് കൺവീനർ അൻവർ ഷാ എന്നിവർ എയർപോർട്ടിലെത്തി യാത്രാരേഖകൾ കൈമാറി. എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്രയാക്കി. നാട്ടിൽ തിരിച്ചെത്തിയ മൻസൂറിനെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

