തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാടുകൾ; സൗദിക്ക് മാതൃകയായി റാസ്തനൂറയിലെ ‘മാൻഗ്രോവ് ഇക്കോ പാർക്ക്’
text_fieldsറാസ്തനൂറയിലെ ‘മാൻഗ്രോവ് എക്കോ പാർക്ക്’
ദമ്മാം: ആഗോള കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ, പ്രകൃതി സംരക്ഷണത്തിെൻറ ഉദാത്ത മാതൃകയായി കിഴക്കൻ പ്രവിശ്യയിലെ റാസ്തനൂറ മാൻഗ്രോവ് ഇക്കോ പാർക്ക് ശ്രദ്ധേയമാകുന്നു. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി സൗദി അരാംകോ സ്ഥാപിച്ച ഈ പാർക്ക് രാജ്യത്തെ ഇത്തരത്തിലുള്ള ഏക സംരംഭമാണ്. തീരദേശങ്ങളെ മണ്ണൊലിപ്പിൽ നിന്നും നാശത്തിൽ നിന്നും സംരക്ഷിക്കുക, കണ്ടൽക്കാടുകൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കുക എന്നിവയാണ് ഇതിെൻറ പ്രധാന ലക്ഷ്യങ്ങൾ.
സൗദി അറേബ്യയുടെ ഹരിതവത്കരണ പദ്ധതികളുടെ ഭാഗമായി 2021-ലാണ് ഈ പാർക്ക് ആരംഭിക്കുന്നത്. 2060 ഓടെ രാജ്യത്തെ പൂർണമായും കാർബൺ രഹിതമാക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായി, 10 കോടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന യജ്ഞത്തിെൻറ തുടക്കമായിരുന്നു ഇത്. വിപുലമായ ഗവേഷണങ്ങൾ നടക്കുന്ന ഈ പാർക്ക് കാരണം പ്രദേശം ഇന്ന് നിരവധി അരയന്നങ്ങളുടെ താവളമാകുകയും പ്രാദേശിക കാലാവസ്ഥയിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.
മത്സ്യങ്ങൾ, ചെമ്മീൻ, പക്ഷികൾ എന്നിവയ്ക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥയൊരുക്കുന്ന കണ്ടൽക്കാടുകൾ കഠിനമായ ചൂടും ലവണാംശവും അതിജീവിച്ചാണ് ഇവിടെ വളരുന്നത്. ഇവയോടൊപ്പം കടൽപ്പുല്ലുകളും കടൽപ്പായലുകളും രൂപപ്പെട്ടത് അന്തരീക്ഷത്തിലെ കാർബൺ വൻതോതിൽ ആഗിരണം ചെയ്ത് സംഭരിക്കാൻ (കാർബൺ സിങ്ക്) സഹായിക്കുന്നു. റാസ്തനൂറക്ക് പുറമെ, കഴിഞ്ഞ വർഷം മാത്രം രാജ്യത്തുടനീളം 49 ദശലക്ഷത്തിലധികം കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു.
ആധുനിക സെൻസറുകളും ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് കണ്ടൽക്കാടുകളുടെ ആരോഗ്യം, വളർച്ച, ജലത്തിെൻറ ഗുണനിലവാരം എന്നിവ അധികൃതർ നിരീക്ഷിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് മറ്റ് തീരപ്രദേശങ്ങളിലും വിജയകരമായി കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ സാധിക്കും. 2035 ആകുമ്പോഴേക്കും സൗദിയിലുടനീളം 30 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാനാണ് അരാംകോ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം, സ്കൂളുകളും കുടുംബങ്ങളും ഉൾപ്പെടെ നിരവധിപേർ സന്ദർശിക്കുന്ന സജീവമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി വളരാനും ഈ ഇക്കോ പാർക്കിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

