ഇന്ത്യൻ നാദധാരയിലലിഞ്ഞ് സൗദി; മംഗണിയാർ ഷോ സമാപിച്ചു
text_fieldsദമ്മാം: ഇന്ത്യൻ പാരമ്പര്യ സംഗീതത്തിെൻറ നാദധാരയിലലിഞ്ഞ് ഇത്റയിലെ സാംസ്കാരികവേദി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ സെൻറർ ‘ഇത്റ’ യിൽ അരേങ്ങറിയ മംഗണിയാർ സംഗീത നിശയാണ് സൗദി പ്രേക്ഷകർക്ക് വിസ്മയാനുഭവമായത്.
ലോക സംസ്കാരങ്ങളേയും, കലകളേയും സൗദി അറേബ്യക്ക് പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇന്ത്യൻ സംഗീത സംഘത്തിന് ഇത്റ ആതിഥ്യമരുളിയത്. ബുധനാഴ്ച ആരംഭിച്ച ഷോ ഇന്നലെ സമാപിച്ചു. ആദ്യസംഗീത നിശക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദും പത്നിയും എത്തി.
സംഗീതത്തിനൊപ്പം ദീപ വിസ്മയും സമന്വയിച്ച മംഗണിയാർ കണ്ണിനും കാതിനും ഒരുപോലെ ഇമ്പം പകരുന്നതായിരുന്നു. നാലു നിലകളിലായി കർട്ടൻ മറച്ച ദീപാലംകൃത ചതുരപ്പെട്ടികളാണ് ആദ്യം പ്രേക്ഷകരെ വരവേറ്റത്. പെട്ടന്ന് ദീപമണയുകയും ഒരു കോണിലെ കർട്ടൻ മാറി ദീപം തെളിയുകയും പ്രാർഥനാ രാഗം പോലെ കമാച്ചയിൽ നിന്നുള്ള നാദധാര ഒഴുകിവരികയും ചെയ്തു. രാജസ്ഥാനിലെ സൂഫീ സംഗീതം ബുല്ലാഷയുടെ സ്വരമാധുരിമയുമായി മറ്റൊരു പെട്ടി കൂടി തുറക്കപ്പെട്ടു. വായ്പാട്ടും െെവവിധ്യ സംഗീത ഉപകരണങ്ങളും സമന്വയിച്ച് ആരോഹണ അവരോഹണങ്ങളിലേക്ക് നാദം പെയ്തു തുടങ്ങിയതോടെ ഒാരോ പെട്ടിയും തുറന്നു തുടങ്ങി. നൂൽ മഴപോലെ തുടങ്ങിയ സംഗീതം ശക്തി പ്രാപിച്ചു. അതോടെ സദസ്സിൽ ആരവം. രാജസ്ഥാെൻറ പാരമ്പര്യ വസ്ത്രമണിഞ്ഞ 38 കലാകാരന്മാരായിരുന്നു ഒാരോ പെട്ടിയിലും.
ആധുനിക സംഗീത ഉപകരണങ്ങളെ വെല്ലുന്ന നാദവിസ്മയമാണ് ഇവരുടെ കൈയിലെ പാരമ്പര്യ സംഗീത ഉപകരണങ്ങളിൽ നിന്ന് ഒഴുകിയത്. സിന്ധ് ഭാഷയിലാണ് പാടിയതെങ്കിലും വിവിധ രാജ്യക്കാരായ കാണികൾ ഒാരേ മനസ്സോടെ സംഗീത ധാരക്കൊപ്പം താളം പിടിച്ചു.
സ്നേഹത്തെ കുറിച്ചുള്ള മൊഴികളായിരുന്നു പാട്ടുകളിലധികവും.
സ്വർഗം പോലെ സ്നേഹ നിലാവ് മേൽക്കൂട പണിയുന്ന ഇവിടെ എന്തിനാണ് നമ്മൾ വെറുപ്പിെൻറ നരകങ്ങൾ പണിയുന്നത്. ചിരിയും...സന്തോഷവും നിറഞ്ഞു നിൽക്കെട്ട മനസ്സുകളിൽ.. നമ്മളാണ് നമുക്ക് ചുറ്റും പുന്തോട്ടങ്ങൾ വെച്ചു പിടിപ്പിക്കുന്നത്.... ഇങ്ങനെ പോയി വരികൾ.
കേട്ടറിഞ്ഞ കഥകളല്ല സൗദിയിലെ നേരനുഭവമെന്ന് ഷോ ഡയറക്ടർ റോയിസ്റ്റൻ ആബേൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ അഭിമാനിച്ച നിമിഷങ്ങളായിരുന്നു മംഗണിയാർ വിരുന്ന് നൽകിയതെന്ന് അദ്ദേഹം അഭിപ്രായപ്പെെട്ടന്നും റോയിസ്റ്റൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
