മങ്കട മണ്ഡലം കെ.എം.സി.സി സി.എച്ച് സെൻററിന് 30 ലക്ഷം രൂപ നൽകി
text_fieldsറിയാദ് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി മങ്കട സി.എച്ച് സെൻററിനുവേണ്ടി സ്വരൂപിച്ച
30 ലക്ഷം രൂപ സാദിഖലി ശിഹാബ് തങ്ങൾ കൈമാറുന്നു
റിയാദ്: മങ്കടയിൽ നിർമിക്കുന്ന സി.എച്ച് സെൻററിനുവേണ്ടി റിയാദ് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സ്വരൂപിച്ച 30 ലക്ഷം രൂപ കൈമാറി. പാണക്കാട് നടന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങളാണ് ഫണ്ട് മങ്കട സി.എച്ച് സെൻറർ ഭാരവാഹികൾക്ക് കൈമാറിയത്. നിർമാണം പൂർത്തിയാവുന്ന സി.എച്ച് സെൻറർ അത്യാധുനിക സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഡയാലിസിസ്, ഫിസിയോ തെറപ്പി, ഫാർമസി, ഹൈടെക് മെഡിക്കൽ ലബോറട്ടറി, ആംബുലൻസ് സർവിസ് തുടങ്ങി പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറച്ചുനൽകുന്ന മങ്കട സി.എച്ച് സെൻറർ ആരോഗ്യരംഗത്തും ജീവകാരുണ്യരംഗത്തും വലിയ മാതൃകയാവുകയാണ്. അത്യാധുനിക മെഡിക്കൽ ലബോറട്ടറിയുടെ പൂർണമായ സജ്ജീകരണം റിയാദ് കമ്മിറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്.
ചടങ്ങിൽ മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലി, ലീഗ് മലപ്പുറം ജില്ല സെക്രട്ടറി ഉമർ അറക്കൽ, മണ്ഡലം പ്രസിഡൻറ് കുന്നത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. കുഞ്ഞാലി, ട്രഷറർ ഹനീഫ പെരിഞ്ചീരി, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻകുട്ടി, ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, മണ്ഡലം പ്രസിഡൻറ് നജ്മുദ്ദീൻ മഞ്ഞളാംകുഴി, സഹഭാരവാഹികളായ അലിക്കുട്ടി തൈക്കാടൻ, ഫാറൂഖ് തിരൂർക്കാട്, റഫീഖ് പൂപ്പലം തുടങ്ങിയവർ പങ്കെടുത്തു.