നിർബന്ധിത ക്വാറന്റീൻ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണം -നവോദയ
text_fieldsജിദ്ദ നവോദയ ത്വാഇഫ് ഏരിയ സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ത്വാഇഫ്: യാത്രയുടെ 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി നാട്ടിൽ അവധിക്കു പോകുന്ന പ്രവാസികൾ അവിടെ എത്തി വീണ്ടും ടെസ്റ്റിന് വിധേയമായശേഷം നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വീട്ടിലെത്തി വീണ്ടും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീനിൽ കഴിയണം എന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ജിദ്ദ നവോദയ ത്വാഇഫ് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ജിദ്ദ നവോദയ 29-ാം കേന്ദ്രസമ്മേളനത്തിനു മുന്നോടിയായുള്ള ത്വാഇഫ് ഏരിയ സമ്മേളനം നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. കെ-റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി നീക്കത്തിനെതിരെ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിന്റെ മതേതര അന്തരീക്ഷം തകർക്കാൻ ആർ.എസ്.എസ്സും ന്യൂനപക്ഷ വർഗീയ വാദികളും നടത്തുന്ന ബോധപൂർവ ശ്രമങ്ങളെ കേരളത്തിന്റെ പൊതുമനസ്സ് ചെറുത്തു തോൽപിക്കണമെന്ന് ഷിബു തിരുവനന്തപുരം പറഞ്ഞു. ഇക്ബാൽ പ്രവർത്തന റിപ്പോർട്ടും നവോദയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉമർ സ്വാഗതവും ഹംസ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ത്വാഇഫ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഇഖ്ബാൽ (രക്ഷാധികാരി), യൂസഫ് വല്ലപ്പുഴ (പ്രസി.), സജീവൻ (സെക്ര.), ഹംസ (ട്രഷ.), നജ്മുദ്ദീൻ (യുവജനവേദി കൺ.), ബബീഷ് (ജീവകാരുണ്യ കൺ.).