ജിദ്ദയിൽ കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് മലയാളിയായ പിതാവ് ആത്മഹത്യ ചെയ്തു

18:38 PM
15/12/2018
jeddah-sreejith-and-son

ജിദ്ദ: ഏഴ് മാസം പ്രായമുള്ള മകനെ ഭിത്തിയിലടിച്ച് കൊന്ന് ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച ഉച്ചക്കാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്​. കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവ്  ശ്രീജിത്തും (30) ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. 

കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നുവത്രെ. പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ ബഹളമുണ്ടായതിനെ തുടർന്ന് സമീപത്തെ പള്ളിയിലെ ഇമാം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് വന്ന് മുറിതുറന്നപ്പോൾ യുവാവ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. 

മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. കുഞ്ഞിനെ രക്ഷിക്കാൻ അടിയന്തര ചികിത്സാ വിഭാഗത്തിലെ   ഡോക്ടർമാർ ഒന്നര മണിക്കൂറോളം പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞ് മരിച്ചു എന്ന് സ്ഥിരീകരിച്ചതോടെ ബോധരഹിതയായ അനീഷ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീജിത്തും അനീഷയും നേരത്തെ ബന്ധുക്കളാണ്. എപ്പോഴും വഴക്കായതിനെ തുടർന്ന് ഇവരെ നാട്ടിലെത്തിക്കാൻ അനീഷ അടിയന്തര ലീവിന് അപേക്ഷിച്ചിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് പോവാൻ തീരുമാനിച്ചതായിരുന്നുവെന്ന്  ഇവരുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു.
 

Loading...
COMMENTS