ഭിന്നശേഷിക്കാരനായ കുട്ടിയെ മർദിച്ച വിദേശിയെ പിടികൂടി
text_fieldsഭിന്നശേഷിക്കാരനായ കുട്ടിയെ മർദിച്ചതിന് അറസ്റ്റിലായ ഈജിപ്ഷ്യൻ പൗരൻ
റിയാദ്: ഭിന്നശേഷിക്കാരനായ കുട്ടിയെ ആക്രമിച്ച ഈജിപ്ഷ്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പ്രവിശ്യയിലെ വാദി അൽദവാസിറിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ സൗദി അറ്റോർണി ജനറൽ ശൈഖ് സഊദ് അൽ-മുഅജബ് ഉത്തരവിടുകയായിരുന്നു.
ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം സൗദിയിൽ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായ മോണിറ്ററിങ് സെന്റർ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. ഇതേതുടർന്നാണ് അറ്റോർണി ജനറൽ കുറ്റാരോപിതനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായും നിയമനടപടി സ്വീകരിക്കുന്നതിന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് മേഖലാ പൊലീസ് അറിയിച്ചു.
ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങളും വെളിപ്പെടുത്തി.
ബാല പീഡനം പോലുള്ള കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കടുത്ത ശിക്ഷകളാണ് സൗദി നിയമവ്യവസ്ഥയിലുള്ളത്. മർദന പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണവും ഉറപ്പുനൽകുന്നുണ്ട്. ഈ കേസിൽ ഇരയെ മാനസികമായി പുനരധിവസിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

