മാലദ്വീപിന്റെ ‘സഹിഷ്ണുത പുരസ്കാരം’ സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്
text_fieldsമാലദ്വീപിന്റെ ‘സഹിഷ്ണുത പുരസ്കാരം’ സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിനുവേണ്ടി മദീന മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. സ്വലാഹ് അൽ ബദ്ർ സ്വീകരിച്ചപ്പോൾ
റിയാദ്: മാലദ്വീപിന്റെ ‘മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും പുരസ്കാരം’ സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന് സമ്മാനിച്ചു. മാലിദ്വീപിലെ ഇസ്ലാമിക കാര്യ മന്ത്രാലയമാണ് 2025ലെ മിതത്വത്തിനും സഹിഷ്ണുതക്കുമുള്ള ഷീൽഡ് നൽകി മന്ത്രിയെ ആദരിച്ചത്. മിതത്വ സമീപനം ഏകീകരിക്കുന്നതിനും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും മന്ത്രി നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി. ജനങ്ങൾക്കിടയിൽ ക്രിയാത്മകമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിലും ഇസ്ലാമിക സഹകരണത്തെ പിന്തുണക്കുന്നതിലും മാലദ്വീപ് ജനതയെ പ്രബോധനം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നീ മേഖലകളിൽ സേവിക്കുന്നതിന് സൗദി മന്ത്രി നൽകിയ സംരംഭങ്ങൾക്കുമുള്ള പുരസ്കാരമാണിത്.
മാലദ്വീപ് ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് ഷീൽഡ് സമ്മാനിച്ചു. സൗദി മതകാര്യ മന്ത്രിയെ പ്രതിനിധീകരിച്ച് മസ്ജിദുന്നബവി ഇമാമും ഖതീബുമായ ശൈഖ് ഡോ. സ്വലാഹ് അൽബദ്ർ സ്വീകരിച്ചു. മാലദ്വീപിലെ മേഖല മന്ത്രി ആദം ഉമർ, വിദ്യാഭ്യാസ മന്ത്രി ഡോ. ഇസ്മാഈൽ ശാഫി, ഗ്രാൻഡ് ഇമാം ശൈഖ് മുഹമ്മദ് ലത്തീഫ് എന്നിവർ ചടങ്ങിൽ സാന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

