ആഗോള യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിൽനിന്നു മലയാളി വിദ്യാർഥിനി
text_fieldsജിദ്ദ: യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിലെ മലയാളി പ്രവാസി വിദ്യാർഥിനി തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ഐക്കരപ്പടി, പേങ്ങാട് സ്വദേശി പാണ്ടികശാല ഹബീബിന്റെയും പറമ്പാടൻ ജസീനയുടെയും മകൾ ഫെല്ല മെഹക്കാണ് നേട്ടം കൈവരിച്ചത്.
ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആഗോള തലത്തിൽ 100 വിദ്യാർഥികളെയും യുവജനങ്ങളെയും തെരഞ്ഞെടുക്കുന്നതാണ് യൂത്ത് അംബാസഡർ പ്രോഗ്രാം. തങ്ങൾ ജീവിക്കുന്ന സമൂഹങ്ങളിൽ നിന്നുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന യുവജനങ്ങളുമായി കൂടിച്ചേർന്ന് സുസ്ഥിര വികസനത്തിന് ആവശ്യമായ പ്രോജക്ടുകൾ ചെയ്യാനുള്ള ഒരു വർഷത്തെ പരിശീലനത്തിനാണ് ഈ സ്കോളർഷിപ്പ് പദ്ധതിയിലൂടെ ഫെല്ല അർഹയായിരിക്കുന്നത്.
ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിന് കീഴിലുള്ള ഹാഷ് ഫ്യൂച്ചർ ഓൺലൈൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫെല്ല മെഹക്ക്. 1000ത്തിലധികം അപേക്ഷകരിൽനിന്നു അഭിമുഖത്തിലൂടെയും പ്രോജക്ട് പ്രസന്റേഷനിലൂടെയുമാണ് നൂറു പേരടങ്ങുന്ന ഫൈനൽ ലിസ്റ്റിൽ ഫെല്ല മെഹക്ക് ഇടം നേടിയത്. പരിശീലനങ്ങൾ, വർക്ക് ഷോപ്പുകൾ, മെന്ററിങ്, ലീഡർഷിപ്പ് പരിശീലനം, പ്രോജക്ട് വർക്ക് എന്നിവ അടങ്ങുന്നതാണ് ഒരു വർഷത്തെ പ്രോഗ്രാം.
വിദ്യാഭ്യാസത്തിലെ സ്വാധീനമുള്ള നൂതനാശയങ്ങൾ തിരിച്ചറിയുന്നതിനും ഗവേഷണം നടത്തുന്നതിനും ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് ഹണ്ട്രഡ്. ലോകമെമ്പാടുമുള്ള അധ്യയനം മെച്ചപ്പെടുത്തുന്നതിനുള്ള വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും അധ്യാപകരെയും വിദ്യാർഥികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മക്ക് പ്രചോദനം നൽകുന്നതാണ് ഹണ്ട്രഡിന്റെ ദൗത്യം.
അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഫെല മെഹക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

