മലയാളി സമാജം ‘സാഹിതീയം’: വൈവിധ്യമാർന്ന പുസ്തകചർച്ച
text_fieldsസൗദി മലയാളി സമാജം സാഹിതീയം പരിപാടിയിൽ
നജ്മുസ്സമാനും, നവാസും പുസ്തകങ്ങൾ അവതരിപ്പിക്കുന്നു
ദമ്മാം: വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് കൃതികളെ മുൻനിർത്തി സൗദി മലയാളി സമാജം സംഘടിപ്പിച്ച ‘സാഹിതീയം’ പുസ്തകചർച്ച പ്രവാസലോകത്തെ സാഹിത്യപ്രേമികൾക്ക് വേറിട്ട അനുഭവമായി. ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷനീബ് അബൂബക്കറിന്റെ ‘ഒരു സൗദി സുലൈമാനി’, പ്രമുഖ ഭൗമശാസ്ത്രജ്ഞ കുശലാ രാജേന്ദ്രന്റെ ‘പട്ടം പോലെ’ എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്.
നാട്ടിലെയും പ്രവാസത്തിലെയും ഹൃദയസ്പർശിയായ അനുഭവങ്ങളെ മധുരവും കടുപ്പവും പാകത്തിന് ചേർത്തുവെച്ച കൃതിയാണ് ഷനീബ് അബൂബക്കറിന്റെ ‘ഒരു സൗദി സുലൈമാനി’. സ്വപ്നങ്ങളും തമാശകളും നൊമ്പരങ്ങളും നിറഞ്ഞ എഴുത്തുകാരെൻറ ജീവിതവഴികളെ അതേ ലാളിത്യത്തോടെ നജ്മുസ്സമാൻ കുളങ്ങരതൊടി സദസ്സിന് പരിചയപ്പെടുത്തി. സമൂഹം നിശ്ചയിച്ച അതിർവരമ്പുകൾ ഭേദിച്ച് ശാസ്ത്രലോകത്ത് തേൻറതായ ഇടം കണ്ടെത്തിയ കുശലാ രാജേന്ദ്രെൻറ ജീവിതകഥ പറയുന്ന ‘പട്ടം പോലെ’ എന്ന പുസ്തകം നവാസ് അബ്ദുൽ ഖാദർ അവതരിപ്പിച്ചു.
വിചാരധാരയിലെ പുതുമയും ഭാഷാസൗന്ദര്യവും കൊണ്ട് സമ്പന്നമായ ഈ കൃതിയിലെ കുശലയുടെ ഇച്ഛാശക്തിയെയും ചുവടുവെപ്പുകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
മലയാളി സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിർവാഹകസമിതിയംഗം മുഷാൽ തഞ്ചേരി മോഡറേറ്ററായിരുന്നു. സാജിദ് ആറാട്ടുപുഴ, നൗഷാദ് മുത്തലിഫ്, ബിജു വർക്കി, ഇഖ്ബാൽ വെളിയംകോട്, ജേക്കബ് ഉതുപ്പ്, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.ഉന്നത പഠനത്തിനായി അസർബൈജാനിലേക്ക് പോകുന്ന സെൻഹാ സമാന് ചടങ്ങിൽ വെച്ച് സ്നേഹോപഹാരം നൽകി. ഹുസൈൻ ചമ്പോളിൽ, ഷാജു അഞ്ചേരി, ബിനു പുരുഷോത്തമൻ, റൗഫ് ചാവക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

