ബുറൈദ: ലോക്ഡൗൺ ആരംഭിച്ചത് മുതൽ അൽഖസീമിലെ ഉനൈസയിൽ കുടുങ്ങിയ മലയാളികളായ പ്രവാസികൾക്ക് എത്രയും വേഗം നാട്ടിലെത്താൻ അധികൃതരുടെ കനിവും കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സ്പോൺസറുടെ മരണത്തോടെ എക്സിറ്റ് അടിക്കുകയും നാട്ടിൽ പോകാൻ വിമാനടിക്കറ്റ് എടുത്ത് കാത്തിരിക്കുകയും ചെയ്യുമ്പോഴായിരുന്നു അന്താരാഷ്ട്ര വിമാന സർവിസിെൻറ നിർത്തിവെക്കലും ലോക് ഡൗണും വന്നത്.
അതോടെ അവരുടെ ദുരിതപൂർണമായ ജീവിതത്തിന് തുടക്കമായി. ഭക്ഷണമില്ലാത്ത അവസ്ഥ അറിഞ്ഞപ്പോൽ െഎ.സി.എഫ് ഇടപ്പെട്ട് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിച്ച് കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്നാണ് തൊഴിലാളികളുടെ ആവശ്യം. എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ എറെയായി. വയോധികരായ മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബങ്ങളുടെ അത്താണിയായ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്ര, കേരള സർക്കാറുകൾ ഇടപെടണമെന്നാണ് ആവശ്യം. ഇതുപോലെ നിരവധി പ്രവാസികൾ ഖസീം പ്രവിശ്യയിൽ കുടുങ്ങി കിടക്കുന്നുണ്ട്. സാധാരണ വിമാന സർവിസുകൾ എത്രയും പെട്ടന്ന് ആരംഭിച്ച് പ്രവാസികളോട് ദയ കാണിക്കണമെന്ന് ഐ.സി.എഫ് ഭാരവാഹി അഫ്സൽ കായംകുളം പറഞ്ഞു.