മലയാളി തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ
text_fieldsമടങ്ങുന്ന ഹജ്ജ് തീർഥാടകർ ജിദ്ദ വിമാനത്താവളത്തിൽ
മക്ക: പ്രയാസങ്ങളൊന്നുമില്ലാതെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ മലയാളി തീർഥാടകർ മക്കയിലെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി. ആറു ദിവസം നീണ്ട വിശുദ്ധ കർമങ്ങൾക്ക് ശേഷം, ശനിയാഴ്ച മൂന്ന് ജംറകളിലെയും കല്ലേറ് പൂർത്തിയാക്കിയാണ് ഭൂരിഭാഗം മലയാളികളും മിനയോട് വിടപറഞ്ഞത്. ഭൂരിഭാഗം ഇന്ത്യൻ തീർഥാടകരും വെള്ളിയാഴ്ച തന്നെ മക്കയിൽ തിരിച്ചെത്തിയിരുന്നു. അധികൃതർ മികച്ച സൗകര്യങ്ങൾ ഒരുക്കിയതിനാൽ ഏറെ സുഗമമായാണ് ഇത്തവണ കർമങ്ങൾ നടന്നത്.
‘വിതൗട്ട് മഹ്റം’ വിഭാഗത്തിൽ വന്നവർ ഉൾപ്പെടെയുള്ള അവശരും രോഗികളുമായ ചില ഹാജിമാർക്ക് പ്രധാന ചടങ്ങുകളായ ത്വവാഫും സഅ്യും കൂടി നിർവഹിക്കാനുണ്ട്. വരും ദിവസങ്ങളിൽ ഇതും വിടവാങ്ങൽ ത്വവാഫും (ത്വവാഫുൽ വിദാഅ്) പൂർത്തിയാക്കിയായിരിക്കും ഹാജിമാരുടെ മടക്കം. സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ തീർഥാടകരാണ് ആദ്യം നാട്ടിലേക്ക് മടങ്ങുന്നത്. തിങ്കളാഴ്ച മുതൽ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇവരുടെ യാത്ര ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയവരുടെ മടക്കയാത്ര ജൂൺ രണ്ടിന് ആരംഭിക്കും. ആദ്യദിനത്തിൽ ജിദ്ദയിൽ നിന്ന് മുംബൈ, കൊൽക്കത്ത, ലക്നൗ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് 3000ഓളം ഹാജിമാരാണ് പുറപ്പെടുന്നത്.
എന്നാൽ, ജിദ്ദ വഴി ആദ്യമെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് മദീന സന്ദർശനം കൂടിയുണ്ട്. ഇവർ ജൂൺ മൂന്ന് മുതൽ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം മദീന വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർഥാടകരുടെ മദീന സന്ദർശനവും ഹജ്ജിന് ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജൂൺ 13 മുതലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർഥാടകരിൽ രണ്ടുപേർ ഹജ്ജ് കർമങ്ങൾക്ക് മുമ്പും രണ്ടുപേർ കർമങ്ങൾക്കിടയിലും മക്കയിൽ വെച്ച് മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

