മലയാളി ഹാജിമാരുടെ മടക്കയാത്രക്ക് ഇന്ന് തുടക്കം
text_fieldsമക്ക: കേരള ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച ആരംഭിക്കും. സൗദി സമയം ഉച്ചക്ക് 2.30ന് മദീനയിൽ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ ‘ഷോർട്ട് ഹജ്ജ്’ വിഭാഗത്തിൽപ്പെട്ട 430 തീർഥാടകരാണുള്ളത്. ഈ സംഘം ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 11.30-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
ആദ്യ വിമാനത്തിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ മന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലുണ്ടാകും. ഫ്ലൈനാസ് എയർവേയ്സിന്റെ വലിയ വിമാനങ്ങളിലാണ് ഹാജിമാരുടെ യാത്ര. കൊച്ചിയിലേക്കുള്ള തീർഥാടകർക്കായി ജൂൺ 11 മുതൽ 21 വരെ ആകെ 20 സർവിസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിമാനത്തിലും 430 തീർഥാടകർ വീതമുണ്ടാകും.
അതേസമയം, റെഗുലർ വിഭാഗത്തിൽപ്പെട്ട തീർഥാടകരുടെ മടക്കയാത്ര ഈ മാസം 13-നാണ് ആരംഭിക്കുക. ജൂൺ 21 മുതൽ കണ്ണൂരിലേക്കും, 23 മുതൽ കോഴിക്കോട്ടേക്കുമുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും. ജൂൺ 30-ഓടെ മലയാളി ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാകും. ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ളവർ മൂന്ന് ദിവസത്തെയും, മറ്റുള്ളവർ എട്ട് ദിവസത്തെയും മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുന്നത്.
സുഗമമായ യാത്രക്കായി ലഗേജുകൾ വിമാനം പുറപ്പെടുന്നതിന് 35 മണിക്കൂർ മുൻപ് തന്നെ കാർഗോ-വിമാന കമ്പനികൾ സംയുക്തമായി ഹാജിമാരിൽനിന്ന് ശേഖരിച്ച് പ്രത്യേക ട്രക്കുകളിൽ വിമാനത്താവളത്തിൽ എത്തിക്കും. തീർഥാടകരെ ഹജ്ജ് സർവിസ് കമ്പനിയുടെ ബസുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുക.
തീർഥാടകർക്ക് നൽകാനുള്ള അഞ്ച് ലിറ്റർ വീതമുള്ള സംസം വെള്ളത്തിന്റെ കാനുകൾ നേരത്തെ തന്നെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും എയർപോർട്ട് അതോറിറ്റിയും ചേർന്ന് വിപുലമായ സ്വീകരണ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹാജിമാരെ സ്വീകരിക്കാൻ എത്തുന്ന ബന്ധുക്കൾക്കായി പ്രത്യേക ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും. എബോള നിരീക്ഷണത്തിെൻറ ഭാഗമായി ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന എല്ലാ തീർഥാടകരും നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയ ഫോമുകൾ മദീനയിൽ വെച്ചുതന്നെ തീർഥാടകർക്ക് വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

