ആദ്യ ഉംറയുടെ നിർവൃതിയിൽ മലയാളി ഹാജിമാർ
text_fieldsതീർഥാടകർ ജിദ്ദയിൽനിന്ന് ബസിൽ മക്കയിലേക്ക് പുറപ്പെടുന്നു
മക്ക: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലെത്തിയ ആദ്യ തീർഥാടക സംഘം ഉംറ നിർവഹിച്ചു. പുണ്യഭൂമിയിലെത്തി ആദ്യ ഉംറ നിർവഹിക്കാനായ നിർവൃതിയിലാണ് സ്ത്രീ, പുരുഷന്മാരടങ്ങുന്ന തീർഥാടകർ.ശനിയാഴ്ച രണ്ടു വിമാനങ്ങളാണ് കോഴിക്കോട് നിന്ന് ഹജ്ജ് തീർഥാടകരുമായി ജിദ്ദയിൽ എത്തിയത്.
ഇതിൽ പുലർച്ചെയുള്ള വിമാനത്തിലെത്തിയ 172 പേരാണ് ഉംറ നിർവഹിച്ചത്. രാത്രിയിലാണ് രണ്ടാമത്തെ വിമാനം 173 പേരുമായി എത്തിയത്. ഇതോടെ ആദ്യദിനം തന്നെ 345 മലയാളി തീർഥാടകർക്ക് പുണ്യഭൂമിയിലെത്താനായി. മക്ക അസീസിയയിലെ താമസകേന്ദ്രത്തിൽ എത്തിയ തീർഥാടകർ കേരളത്തിൽനിന്നും വളൻറിയർ ചുമതലയിലെത്തിയവരുടെ സഹായത്തോടെയാണ് മസ്ജിദുൽ ഹറാമിലേക്ക് പോയത്.പ്രാദേശിക മലയാളി സന്നദ്ധ പ്രവർത്തകരും ഹാജിമാരെ അനുഗമിച്ചു. ദൈവത്തെ ആരാധിക്കാനായി ആദ്യ നിർമിതമായ കഅബയുടെ ചാരെ എത്തിയപ്പോൾ ഹാജിമാർ വൈകാരിക നിമിഷങ്ങളിലായി. പ്രദക്ഷിണ മുറ്റത്തേക്ക് ആദ്യ ചുവടുകൾ വെച്ചപ്പോൾ അവരുടെ ഹൃദയം തുടിച്ചു. ഏഴ് തവണ വിശുദ്ധ ഗേഹത്തിന് ചുറ്റും പ്രദക്ഷിണം ചെയ്തതോടെ അവർ ആത്മീയതയിൽ വിലയം കൊണ്ടു. ഹാജറയെ അനുസ്മരിച്ച് സഫാ മർവ കുന്നുകൾക്കിടയിൽ പ്രയാണം നടത്തി ഉംറ കർമം പൂർത്തിയാക്കി.
സ്വീകരിക്കാനെത്തിയ വളന്റിയർമാരും ഇന്ത്യൻ, സൗദി ഉദ്യോഗസ്ഥരോടൊപ്പം
ജീവിതത്തിലുടനീളം ദിവസവും അഞ്ചുനേരം ദിശനോക്കി നിന്ന് നമസ്കരിച്ച കഅബയെ നേരിട്ട് കാണാൻ കഴിഞ്ഞ സന്തോഷത്തിലും സായൂജ്യത്തിലുമാണ് തീർഥാടകർ. തങ്ങളുടെ മുഴുവൻ ആവശ്യങ്ങളും പ്രാർഥനകളായി അവിടെ ദൈവത്തിന് സമർപ്പിച്ചു. പലരും കഅബയുടെ മുറ്റത്തുനിന്ന് പോരാൻ കൂട്ടാക്കാതെ അവിടെ ചെലവഴിച്ചു. രാവിലെ എത്തിയ തീർഥാടകർ വൈകീട്ടോടെയാണ് ഉംറകർമം പൂർത്തിയാക്കി താമസകേന്ദ്രങ്ങളിലേക്ക് മടങ്ങിയത്.രണ്ടാമത്തെ വിമാനം കോഴിക്കോട് നിന്ന് വൈകീട്ട് 4.30ന് പുറപ്പെട്ട് രാത്രി എട്ടിന് ജിദ്ദയിലെത്തി. സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് മക്കയിലേക്ക് വന്നത്. മക്കയിലും ജിദ്ദയിലും തീർഥാടകരെ സ്വീകരിക്കാൻ വളന്റിയർമാർ രംഗത്തുണ്ടായിരുന്നു. ഉംറ നിർവഹിക്കാനും ഇവർ സഹായിച്ചു. രാത്രി ഏറെ വൈകിയാണ് രണ്ടാമതെത്തിയ സംഘം ഉംറക്കായി മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടത്.
ആദ്യ ഉംറ നിർവഹിച്ച ശേഷം വിശ്രമിക്കുന്ന മലയാളി തീർഥാടകർ
ആദ്യ ഉംറ നിർവഹിച്ചതിന്റെ ആത്മനിർവൃതി പറഞ്ഞറിയിക്കാനാവാത്ത മാനസികാവസ്ഥയിലാണ് മലയാളി ഹാജിമാർ. വരും ദിനങ്ങളിൽ ഹറമിൽ നമസ്കാരങ്ങളിലും പ്രാർഥനയിലും മുഴുകി ഹജ്ജിനുള്ള കാത്തിരിപ്പിലാകും. ഒപ്പം സമയം കണ്ടെത്തി മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ പോവും. ഹജ്ജ് കർമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് പ്രവാചകന്റെ നഗരിയായ മദീന സന്ദർശനത്തിനായി പുറപ്പെടുക. കോഴിക്കോട് നിന്ന് ഞായറാഴ്ച മൂന്ന് വിമാനങ്ങളിലാണ് തീർഥാടകർ എത്തുന്നത്. പുലർച്ചെ 1.5നും രാവിലെ എട്ടിനും വൈകീട്ട് 4.30നും എന്നിങ്ങനെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.കണ്ണൂരിൽ നിന്നുള്ള തീർഥാടകരുടെ വരവും ഞായറാഴ്ച ആരംഭിക്കും. പുലർച്ചെ നാലിനും രണ്ടാമത്തെ വിമാനം വൈകീട്ട് 7.30നുമാണ് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

