ആത്മീയ നിർവൃതിയിൽ മലയാളി തീർഥാടകർ
text_fieldsകേരള ഹജ്ജ് ഗ്രൂപ്പ് അമീർ റഫീഖ് റഹ്മാൻ മൂഴിക്കൽ അറഫയിലെ ടെൻറിൽ മലയാളി തീർഥാടകരെ അഭിസംബോധന ചെയ്യുന്നു. ഫോട്ടോ: എൻ.പി. അബ്ദുറഹ്മാൻ വൈലത്തൂർ
റിയാദ്: കരളുരുകിയുള്ള പ്രാർഥനകളുമായി മലയാളി തീർഥാടകരുൾപ്പെടെയുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ അറഫാ മൈതാനിയിൽ ഒത്തുചേർന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയ അയ്യായിരത്തിലധികം പേരുമുൾപ്പെടെ ഇരുപതിനായിരത്തോളം മലയാളി തീർഥാടകരാണ് ഇത്തവണ അറഫയിലുണ്ടായിരുന്നത്.
ഇതിൽ മഹ്‌റമില്ലാതെ (പുരുഷ തുണയില്ലാതെ) എത്തിയ 4,200 ഓളം വനിതാ തീർഥാടകരും ഉൾപ്പെടുന്നു. തീർഥാടകർക്ക് മാർഗനിർദേശങ്ങളും സഹായവുമായി 90 അംഗ സർക്കാർ വളൻറിയർ സംഘവും സ്വകാര്യ ഗ്രൂപ്പുകളുടെ അമീറുമാരും രംഗത്തുണ്ട്.
കഠിനമായ ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പാലിച്ചാണ് തീർഥാടകർ അറഫയിൽ ഒത്തുകൂടിയത്. കടുത്ത വെയിലിലും സൗദി അധികൃതർ ഒരുക്കിയ ശീതീകരിച്ച ടെന്റുകളും സുരക്ഷാ വിഭാഗങ്ങളുടെ കരുതലും തീർഥാടകർക്ക് വലിയ ആശ്വാസവും പിന്തുണയും നൽകിയതായി കേരള ഹജ്ജ് ഗ്രൂപ്പ് അമീർ റഫീഖ് റഹ്മാൻ മൂഴിക്കൽ പറഞ്ഞു.
ചൊവ്വാഴ്ച സൂര്യാസ്തമനത്തോടെ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ, അവിടെ രാപ്പാർത്ത ശേഷമാണ് ബുധനാഴ്ച പുലർച്ചെ വീണ്ടും മിനയിലെത്തിയത്. ജംറകളിലെ കല്ലേറ് കർമത്തിനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ശേഖരിച്ചത്. ഉള്ളിലെ പൈശാചികതകളെ എറിഞ്ഞകറ്റുന്നതിെൻറ പ്രതീകമായി ജംറയിലെ സ്തൂപത്തിൽ നടത്തുന്ന ആദ്യ കല്ലേറിന് ശേഷം ഹാജിമാർ കഅ്ബയെ വലംവെച്ചു. ബലിപെരുന്നാൾ ദിനമായ ബുധനാഴ്ച ബലികർമം കൂടി പൂർത്തിയാക്കി മുടി മുറിച്ച് തീർഥാടകർ ഹജ്ജ് വസ്ത്രം (ഇഹ്റാം) ഒഴിവായി. ഇതോടെ ഹജ്ജിെൻറ പ്രധാന ചടങ്ങുകൾക്ക് വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

