വാഹനാപകട കേസിൽ മലയാളിക്ക് മൂന്ന് വർഷത്തിന് ശേഷം ജാമ്യം
text_fieldsറിയാദ്: രണ്ട് സൗദി പൗരന്മാരുടെ മരണത്തിന് കാരണമായ വാഹനാപകട കേസിൽ പ്രതിയായി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളിക്ക് മൂന്ന് വർഷത്തിന് ശേഷം ജാമ്യം. തിരുവനന്തപുരം പോത്തൻകോട് അരിയക്കോട് സ്വദേശി വിപിനാണ് (34) സാമൂഹികപ്രവർത്തകരുടെ ഇടപെടലിലൂടെ പുറത്തിറങ്ങാനായത്. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മിയിലെ ജയിലിലായിരുന്നു വിപിൻ. അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരമായി ഉദ്ദേശം 50 ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ മോചനദ്രവ്യം നൽകിയാലേ മോചനം സാധ്യമാകു എന്ന അവസ്ഥയിലാണ് മൂന്നുവർഷമായി ജയിലിൽ കഴിയേണ്ടി വന്നത്.
ഇൗ പണം മരിച്ചവരുടെ അനന്തരാവകാശികൾക്ക് നൽകണം എന്നായിരുന്നു കോടതിവിധി. ദവാദ്മി നഗരത്തിൽ മൂന്നു വർഷം മുമ്പാണ് കേസിന് ആസ്പദമായ അപകടം സംഭവിച്ചത്. വിപിൻ ഓടിച്ചിരുന്ന വെള്ളം വിതരണം ചെയ്യുന്ന ടാങ്കർ സ്വദേശികൾ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ സിഗ്നലിൽ യൂടേൺ തിരിയാൻ വണ്ടി നിർത്തിയപ്പോൾ പിന്നിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. അതിന് പിന്നിൽ മറ്റൊരു പിക്കപ്പ് വാനും വന്നിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ നടുവിൽ അകപ്പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിച്ചു. മരിച്ച രണ്ടുപേരും സൗദി പൗരന്മാരായിരുന്നു.
സൗദി ട്രാഫിക് നിയമപ്രകാരം ഏറ്റവും അവസാനം വന്നിടിച്ച വാഹത്തിലെ ഡ്രൈവർക്കാണ് അപകടത്തിെൻറ ഉത്തരവാദിത്വമെങ്കിലും വിപിെൻറ വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തത് വിനയായി മാറുകയായിരുന്നു. ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ച് അപകടത്തിന് ഉത്തരവാദിയായി എന്ന കാരണത്താൽ വിപിൻ കേസിൽ പ്രതിയായി. തുടർന്ന് മൂന്നുവർഷം ജയിലിലും കിടന്നു.
ദവാദ്മിയിലെ ഹുസൈൻ എന്ന സാമൂഹിക പ്രവർത്തകെൻറയും ഐ.സി.എഫിെൻറയും ഇടപെടൽ വിപിന് തുണയായി. ഹുസൈൻ ആൾ ജാമ്യം നിൽക്കാൻ തയാറായതോടെ ജയിൽ മോചനത്തിന് വഴി തെളിയുകയായിരുന്നു. ഇൗ ജാമ്യത്തിലാണ് ഇപ്പോൾ പുറത്തിറങ്ങിയത്. മൂന്നുലക്ഷം റിയാൽ കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ വിപിനും ജാമ്യം നിന്ന ഹുസൈനും രാജ്യം വിട്ട് പോകാനാവൂ എന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ദാവാദ്മിയിലെ അബ്ദുൽ അസീസ് എന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ഇടപെടലും ജാമ്യത്തിന് സഹായമായി. കേസുമായി മുന്നോട്ടുപോകുമെന്നും പൂർണമായ ജയിൽ മോചനത്തിന് ശ്രമം നടത്തുമെന്നും ഹുസൈൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
