കെട്ടിടത്തിൽനിന്ന് വീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിെലത്തിച്ചു
text_fieldsഅബ്ദുൽ ഹക്കീം
റിയാദ്: കെട്ടിടത്തിൽനിന്ന് താഴെ വീണ് റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി യുവ കമ്പ്യൂട്ടർ എൻജിനീയറുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
കോഴിക്കോട് കുന്ദമംഗലം പോലൂർ തയ്യിൽ പരേതനായ അബ്ദുല്ല മൗലവിയുടെ മകൻ അബ്ദുൽ ഹക്കീമിെൻറ (32) മൃതദേഹമാണ് വെള്ളിയാഴ്ച നാട്ടിൽ മറവ് ചെയ്തത്.
നീണ്ട അഞ്ചര മാസത്തെ ചികിത്സക്കൊടുവിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ഓടെയാണ് റിയാദിലെ മുവാസാത്ത് ആശുപത്രിയിൽ ഹക്കീം മരിച്ചത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നടപടിക്രമം പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി 9.30ന് ശ്രീലങ്കൻ എയർലൈൻസിൽ നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. ജൂൺ മൂന്നിനാണ് ഹക്കീം താമസിക്കുന്ന കെട്ടിടത്തിെൻറ മുകൾനിലയിൽനിന്ന് കാലുതെന്നി വീണത്.
സാരമായി പരിക്കേറ്റ ഹക്കീമിനെ ഉടൻതന്നെ ഭാര്യ ഡോ. പി.കെ. റെസ്നിയും അയൽവാസികളുംകൂടി റിയാദിലെ മുവാസാത്ത് ആശുപത്രിയിലെത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് അഞ്ചര മാസത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഹക്കീമിനെ പലതവണ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ചികിത്സയിൽ കാര്യമായ പുരോഗതി കാണാഞ്ഞതിനാൽ നാട്ടിൽ കൊണ്ടുപോകാൻ പല തവണ ശ്രമിച്ചു. നിരന്തര ശ്രമത്തിനൊടുവിൽ യാത്രാനുമതി ലഭിച്ചെങ്കിലും പോകുന്നതിെൻറ ഒരു ദിവസം മുമ്പ് ചികിത്സിക്കുന്ന ഡോക്ടർ യാത്ര റദ്ദ് ചെയ്യണമെന്നും ഉടനെ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെടുകയും യാത്ര മാറ്റിവെക്കുകയും ചെയ്തു. ഒരു മാസത്തിനുശേഷം വീണ്ടും യാത്രാനുമതി നേടിയെടുത്ത് ഹക്കീമിനെയുംകൊണ്ട് ഭാര്യയും സാമൂഹിക പ്രവർത്തകരും റിയാദ് വിമാനത്താവളത്തിൽ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ യാത്ര വീണ്ടും മുടങ്ങി.
പിന്നീട് എയർ ആംബുലൻസ് വഴി നാട്ടിലെത്തിക്കുന്നതിനുള്ള അവസാന ശ്രമത്തിലായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, റിയാദ് ഹെൽപ്പ് ഡെസ്ക് ഭാരവാഹികളായ നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, അർഷാദ് ഫറോക്ക് എന്നിവർ അപകടസമയം മുതൽ എല്ലാവിധ സഹായങ്ങളും നൽകാൻ രംഗത്തുണ്ടായിരുന്നു.
ഹക്കീമിെൻറ ഭാര്യയെ അപകടമുണ്ടായ ദിവസം മുതൽ ഒപ്പം കൊണ്ടുപോയി സംരക്ഷണം നൽകിയത് ജസീല മൂസയായിരുന്നു. ഹക്കീമിെൻറ മരണത്തെ തുടർന്ന് ഭാര്യ നാട്ടിലേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

