സൗദി ടോസ്റ്റ്മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 79 തലപ്പത്ത് മലയാളി അലക്സ് ഫിലിപ്പ്
text_fieldsഅലക്സ് ഫിലിപ്പ്
അൽ ഖോബാർ: സൗദി അറേബ്യയിലെ മധ്യ, കിഴക്കൻ, വടക്കുകിഴക്കൻ മേഖലകൾ ഉൾപ്പെടുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 79െൻറ 2026–27 വർഷത്തെ ഡിസ്ട്രിക്ട് ഡയറക്ടറായി മലയാളിയായ അലക്സ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ടോസ്മാസ്റ്റർ ക്ലബ്ബുകളിൽ 19 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അദ്ദേഹം ക്ലബ് തലത്തിൽ വൈസ് പ്രസിഡൻറ് എജുക്കേഷൻ, ക്ലബ് പ്രസിഡൻറ്, ഏരിയ ഡയറക്ടർ, ഡിവിഷൻ ഡയറക്ടർ, സൗദി ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക സമ്മേളന ചെയർ, ക്ലബ് ഗ്രോത്ത് ഡയറക്ടർ, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ തുടങ്ങിയ വിവിധ നേതൃത്വ പദവികൾ വഹിച്ച ശേഷമാണ് ഈ പദവിയിലെത്തുന്നത്.
ഒമർ ഫാറൂഖ് മാലിക് (പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ), മുഹമ്മദ് അസ്ഹർ ഫാറൂഖ് (ക്ലബ് ഗ്രോത്ത് ഡയറക്ടർ), റുവാ അമാൻ (അറബിക് അഫയേഴ്സ് മാനേജർ), സാജൻ മാത്യു (പബ്ലിക് റിലേഷൻസ് മാനേജർ), അലി ചാബാൻ (അഡ്മിനിസ്ട്രേഷൻ മാനേജർ), ആബിദ് ഖാൻ (ഫിനാൻസ് മാനേജർ), സാജു ജോസഫ് (സ്ട്രാറ്റജി മാനേജർ), നരസിംഹ റാവു റാംപള്ളി (ലോജിസ്റ്റിക്സ് മാനേജർ), ജിൽബർട്ട് മജേയ (ടെക്നോളജി മാനേജർ) എന്നിവരാണ് പുതിയ ഡിസ്ട്രിക്റ്റ് നേതൃത്വ ടീമിലെ മറ്റ് അംഗങ്ങൾ.
എട്ട് ഡിവിഷനുകളും 33 ഏരിയകളും 128 ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുകളും ഉൾപ്പെടുന്നതാണ് ഡിസ്ട്രിക്ട് 79. കോർപറേറ്റ്, കമ്യൂണിറ്റി വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബുകളിൽ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ആശയവിനിമയ-നേതൃത്വ പരിശീലനം ലഭ്യമാണ്.
സൗദിയിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ക്ലബ്ബുകൾക്കൊപ്പം അറബിക്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ ഭാഷകളും സംസ്കാരങ്ങളും പശ്ചാത്തലങ്ങളുമുള്ളവരെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ വൈവിധ്യം സംഘടനയുടെ വലിയ ശക്തികളിലൊന്നാണന്ന് അലക്സ് ഫിലിപ്പ് പറഞ്ഞു.
ഭാഷ ഏതായാലും ലക്ഷ്യം ഒന്നുതന്നെയാണെന്നും ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും ഉത്തരവാദിത്തത്തോടെ നേതൃത്വം നൽകാനും സ്വന്തം കഴിവുകൾ പരമാവധി വികസിപ്പിക്കാനും ഓരോ വ്യക്തിയെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിയുടെ വളർച്ചയിലൂടെ കുടുംബവും തൊഴിൽസ്ഥലവും സമൂഹവും കൂടുതൽ ശക്തമാകുമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

