ജിദ്ദ: 50 കിലോമീറ്റർ ദൂരെ ഉപ്പുപാടം നിറഞ്ഞ അൽസൈഫ് കുംറക്കടുത്ത ഗുആസൈൻ എന്ന പ്രദേശത്ത് എത്താം. ജീവിതം രണ്ടറ്റം മുട്ടിക്കാൻ നൂറുകണക്കിന് ആളുകളാണ് കൊച്ചുകുടിലുകൾ കെട്ടി പകലന്തിയോളം ഉപ്പ് ശേഖരിച്ച് പാടുപെടുന്നത്. വെള്ളമോ വൈദ്യുതിയോ ഇല്ലാതെയുള്ള ഇവരുടെ ജീവിതം റമദാൻ ആകുമ്പോൾ കൂടുതൽ ദുഷ്കരമാകും. 45 ഡിഗ്രി കത്തുന്ന സൂര്യനുതാഴെ റമദാനിലും ജോലിചെയ്യുന്ന ഇവർക്ക് ആശ്വാസത്തിന്‍റെ ഇഫ്താർ വിരുന്ന് ഒരുക്കുകയാണ് ഒരു കൂട്ടം മലയാളി യുവാക്കൾ.
ശക്തമായ ചൂടിലും വ്രതമെടുത്ത് ജോലി ചെയ്തു വൈകീട്ടാവുന്നതോടെ വരണ്ട ചങ്കും ഒട്ടിയ വയറുമായി ഇഫ്താർ സംഘത്തിനായി കാത്തിരിക്കും. ദൂരെ മരുഭൂമിയിൽ വാഹനം പ്രത്യക്ഷപ്പെടുമ്പോൾ ഇവരുടെ നെഞ്ചിൽ ആശ്വാസത്തിന്‍റെ കുളിർമഴ പെയ്യും. പിന്നെ അവർക്ക് നേരെ കൈനീട്ടി വീശും. വാഹനം എത്തുമ്പോൾ ചുറ്റും കൂടും. വെള്ളവും ജ്യൂസും കാരക്കയും ബിരിയാണിയും അടങ്ങുന്ന പാക്കറ്റുകൾ ഏറ്റുവാങ്ങുമ്പോഴുള്ള ഇവരുടെ പുഞ്ചിരി ഉള്ളം നിറക്കും.
റമദാനിലെ 30 ദിനവും ഇവർക്കായി ഇഫ്താർ വിരുന്ന് ഒരുക്കുന്നത് യൂത്ത് ഇന്ത്യ ജിദ്ദ ചാപ്റ്ററാണ്. ഈ സേവന പ്രവർത്തനങ്ങളിൽ ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളും വിവിധ സുമനസ്സുകളും യൂത്ത് ഇന്ത്യയോടൊപ്പം പങ്കാളികളാകുന്നുണ്ട്. വൈകീട്ട് ജോലികഴിഞ്ഞവർ ഒത്തുകൂടും. അന്നു ലഭിച്ച വിഭവങ്ങൾ പാക്കറ്റുകളിലാക്കി സ്വന്തം വാഹനങ്ങളിൽ കയറ്റി ഈ പ്രദേശത്ത് വിതരണം നടത്തും. അവരോടൊപ്പം ഇരുന്ന് നോമ്പ് മുറിക്കും. അടുത്തദിവസം കാണാം എന്ന് പറഞ്ഞ് യാത്രയാവും. മുഹമ്മദ് ഷമീർ, അഫീഫ്, ആസിഫ്, ശിഹാബ്, ഫാരിസ്, നസീം, നസീഹ്, റാഷിദ്, ഷാഹിദുൽ ഹഖ്, ഇർഫാൻ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവർത്തനം.