മലയാളി ദമ്മാമിൽ ഉറക്കത്തിൽ മരിച്ചു
text_fieldsരാധാകൃഷ്ണൻ
ദമ്മാം: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചു. കൊല്ലം, കടക്കൽ, പാലങ്ങാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. അദാമയിൽ 25 വർഷത്തോളം ഹൗസ് ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ്തിരുന്ന രാധാകൃഷ്ണൻ 10 വർഷം മുമ്പ് എക്സിറ്റിൽ നാട്ടിൽ പോവുകയും പുതിയ വിസയിലെത്തി ഷിപ്പിങ് കമ്പനിയിൽ ഡൈന ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.
പതിവുപോലെ രാത്രിയിലും സുഹൃത്തുക്കളുമൊത്ത് കളിതമാശകൾ പറഞ്ഞിരുന്നതിന് ശേഷമാണ് ഉറങ്ങാൻ പോയത്. റൂമിൽ താമസിച്ചിരുന്ന ആൾ രാവിലെ ആറിന് തന്നെ ജോലിക്ക് പോയിരുന്നു. രാധാകൃഷ്ണന് എട്ട് മണിമുതലാണ് ജോലി. സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ മക്കളാണ്.

