മരുഭൂവിൽ രാപാർക്കാൻ മലയാളികളും
text_fieldsയാമ്പു: വേനലിെൻറ കാഠിന്യം കുറഞ്ഞ് തണുപ്പുള്ള രാവുകളെത്തിയതോടെ മരുഭൂമിയിൽ ആളനക്കം കൂടി. രാത്രിയുടെ കുളിർകാറ്റിൽ ആവി പറക്കുന്ന ഭക്ഷണമുണ്ടാക്കി മധുരമുള്ള കഥകൾ പറഞ്ഞിരിക്കാനാണ് മലയാളികളുൾപെടെ മരുഭൂമിയിലെ ക്യാമ്പുകൾ തെരഞ്ഞെടുക്കുന്നത്. സ്വദേശികളുടെ ചുവടുപിടിച്ചാണ് വിദേശികളും മരഭൂവിൽ രാപാർക്കാനെത്തുന്നത്. മണലാരണ്യത്തിലെ രാത്രി ജീവിതം വ്യത്യസ്ത അനുഭവമാണെന്ന് ഇവർ പറയുന്നു. കൂറ്റൻ മണൽ കൂനകളോട് ‘ചേർന്ന് നിൽക്കുന്ന’ ചന്ദ്രനെ കാണാൻ നിലാവുള്ള ദിവസം ക്യാമ്പിന് തെരഞ്ഞെടുക്കുമെന്ന് മരുഭൂയാത്രികനും ‘ബ്ലോഗറു’ മായ അക്ബർ വാഴക്കാട് പറഞ്ഞു.
യാമ്പുവിൽ ചില മലയാളി കൂട്ടായ്മകൾ സ്ഥിരമായി മരുഭൂമിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. യാമ്പു വിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ അനുയോജ്യമായ സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. സ്വദേശികളുടെ സഹകരണത്തോടെയാണ് സുരക്ഷിതയിടം കണ്ടെത്തുന്നത്. പത്തും പതിനഞ്ചും കുടുംബങ്ങൾ ഒരുമിച്ചാണ് മണലാരണ്യജീവിതം അനുഭവിച്ചറിയാൻ അവധി ദിവസങ്ങളിൽ ഒരുമിച്ചുകൂടുന്നത്. എല്ലാ തയാറെടുപ്പോടും കൂടി സ്വന്തം വാഹനങ്ങളിൽ ‘ലൊക്കേഷ’നിലെത്തിയാൽ ടെൻറുകൾ ഒരുക്കുകയാണ് ആദ്യപടി. തുടർന്ന് ക്യാമ്പ് ഫെയറും, മാംസം ചുടലുമടക്കം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ക്യാമ്പിൽ അരങ്ങ് തകർക്കും.
കാറ്റ് തീർത്ത മണൽ ചിത്രങ്ങൾക്കിടയിൽ നിന്ന് രാവിൽ കനലെരിയുന്നത് കാണാൻ രസമാണ്. വാഹനങ്ങളുടെ അലർച്ച കേൾക്കാത്ത മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലേക്കു പോകണം അതിെൻറ ജൈവഗീതം ആസ്വദിക്കാൻ. പകൽ കാണുന്ന മരുഭൂമിയല്ല രാത്രിയിൽ. നിറവും മണവും രൂപഭാവങ്ങളും എല്ലാം മാറുന്നതായി തോന്നും. മണൽ പരപ്പുകളിൽ കാണാത്ത പ്രാണികളും ജീവ ജാലങ്ങളുമെല്ലാം രാത്രി കാഴ്ചകളിൽ നിറയും. മരുഭൂജീവിതങ്ങളുമായി ഏറെ പൊരുത്തപ്പെടുന്ന സ്വദേശികൾ തണുപ്പ് കാലത്ത് കഴിയാൻ പ്രത്യേകം കൂടാരങ്ങൾ ഒരുക്കുന്നു. ജനറേറ്റർ മുതൽ സാമഗ്രികളുമായാണ് ഇവരെത്തുക.
ഭക്ഷണം പാചകം ചെയ്യാനും കുട്ടികളെ നോക്കാനും ജോലിക്കാരുമായി വരുന്നവരും ഇവരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
