മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു
text_fieldsജിദ്ദ: കേരള സര്ക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ സൗദി അറേബ്യ ചാപ്റ്ററിലെ അധ്യാപകർക്കായി വെർച്വൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പ്രദായിക രീതികളിൽനിന്ന് വ്യത്യസ്തമായി മാതൃഭാഷാ പഠനത്തിൽ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠനബോധന രീതിയാണ് മലയാളം മിഷൻ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളെ സ്വന്തം ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സർഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷന്റെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. മലയാളം മിഷന്റെ പാഠ്യപദ്ധതി നടപ്പാക്കുന്നതിന് അധ്യാപക പരിശീലനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. വിദഗ്ധ പരിശീലകനും മലയാളം മിഷൻ ഭാഷാ അധ്യാപകനുമായ ടി.സതീഷ് കുമാർ നേതൃത്വം നൽകി. ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ്, ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു.
പരിശീലന പരിപാടിയിൽ ഡോ. രമേശ് മൂച്ചിക്കൽ, ജയകുമാർ അന്തിപ്പുഴ, അനുജ രാജേഷ്, ഇഖ്ബാൽ വെളിയങ്കോട്, ഷിഫാന, പ്രവിത, സുമിയ, റസിയ എന്നിവർ പങ്കെടുത്തു. വിദഗ്ധ സമിതി അംഗങ്ങളായ ലീന കോടിയത്ത്, സീബ കൂവോട്, നിഷ നൗഫൽ, സാജിദ മുഹമ്മദാലി, മേഖലാ കോഓഡിനേറ്റർ പി.കെ. ജുനൈസ് എന്നിവർ നേതൃത്വം നൽകി. പരിശീലന പരിപാടിയിൽ സൗദിയിലെ എഴുപതോളം അധ്യാപകർ പങ്കെടുത്തു.
മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, തബൂക്ക്, അൽഖസിം, അബഹ, നജ്റാൻ, അറാർ എന്നീ മേഖലകളാണ് നിലവിലുള്ളത്. പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കാൻ സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവൻ പ്രവാസി സംഘടകളുടെയും പങ്കാളിത്തത്തോടെ മേഖലകമ്മിറ്റികൾ രൂപവത്കരിക്കുമെന്നും രണ്ടാം ഘട്ടം ഏപ്രിൽ അവസാനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
മലയാളം മിഷന്റെ ഭാഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താൽപര്യമുള്ള പ്രവാസികളും സംഘടനകളും 0508716292 , 0509244982 എന്നീ നമ്പറുകളിലോ mmissionksa@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

