മലയാളം മിഷൻ ദമ്മാം മേഖല മലയാളി സംഗമം വെള്ളിയാഴ്ച
text_fieldsറിയാദ്: മലയാളം മിഷൻ ദമ്മാം മേഖല മലയാളി സംഗമം വെള്ളിയാഴ്ച അൽഅഹ്സയിൽ നടക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലുള്ള 17-ഓളം പഠനകേന്ദ്രങ്ങളിലുള്ള കുട്ടികളുടേയും അധ്യാപകരും കുടുംബങ്ങളും ഉച്ചകഴിഞ്ഞ് 3.30 മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
സംഗമം ലോക കേരള സഭ അംഗവും കവിയുമായ സോഫിയ ഷാജഹാൻ ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, നവയുഗം പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ലോകകേരള സഭയോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച വിദ്യാർഥി ആഗോള സാഹിത്യ മത്സരത്തിൽ ദമ്മാം മേഖലയിൽനിന്നും ഒന്നാം സമ്മാനം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും.
വിവിധ പഠന കേന്ദ്രങ്ങളിലുള്ള കുട്ടികളുടെ വ്യത്യസ്ത ഇനം കലാപരിപാടികളും ഒപ്പന, തിരുവാതിര, മാർഗംകളി, സംഗീത നൃത്തശില്പം, പ്രശസ്ത കവിതകളുടെ നൃത്താവിഷ്കാരം, നാടകം തുടങ്ങിയ പരിപാടികളും അരങ്ങേറും. കലാപരിപാടികളുടെ പരിശീലനം വിവിധ കേന്ദ്രങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണെന്നും സംഗമത്തിൽ സാംസ്കാരിക സമ്മേളനവും സാംസ്കാരിക ഘോഷയാത്രയും ഉണ്ടാകുമെന്നും സ്വാഗത സംഘം ചെയർമാനും കൺവീനറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

