മലയാളം മിഷൻ സാംസ്കാരിക സംഗമവും കലാമേളയും സംഘടിപ്പിച്ചു
text_fieldsമലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമവും കുട്ടികളുടെ കലാമേളയും ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമവും കുട്ടികളുടെ കലാമേളയും മലയാളത്തനിമയും പരിപാടികളുടെ വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഭാഷയുടെ വേദിയിൽ മലയാളം മിഷൻ ഒരുക്കിയ സംഗമത്തിൽ ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും മലയാളി കുടുംബങ്ങളും കുട്ടികളും ഒത്തുചേർന്നു. ജിസാൻ ടാമറിൻഡ് ഹോട്ടൽ ഹാളിൽ നടന്ന സാംസ്കാരിക സംഗമം കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ മേഖല പ്രസിഡൻറ് ഡോ. മൻസൂർ നാലകത്ത് അധ്യക്ഷത വഹിച്ചു.
സൗദി ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത് ആമുഖപ്രഭാഷണം നടത്തി. പ്രമുഖ നാടകകൃത്തും മലയാളം മിഷൻ സ്ഥാപക നേതാവുമായിരുന്ന ഓംചേരി എൻ.എൻ പിള്ളയെ അനുസ്മരിച്ചുകൊണ്ട് ഡോ. ജോ വർഗീസ് സംസാരിച്ചു. എം.ടി വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ മലയാളം മിഷൻ മേഖല കോഓഡിനേറ്റർ ഡോ. രമേശ് മൂച്ചിക്കൽ സദസ്സിന് ചൊല്ലിക്കൊടുത്തു. വിവിധ സംഘടനാ നേതാക്കളായ ഷംസു പൂക്കോട്ടൂർ, വെന്നിയൂർ ദേവൻ, അനസ് ജൗഹരി, സതീഷ് കുമാർ നീലാംബരി, ജിലു ബേബി എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ മേഖലാ സെക്രട്ടറി സജീർ കൊടിയത്തൂർ സ്വാഗതവും ട്രഷറർ ഡോ. ഷഫീഖ് റഹ്മാൻ നന്ദിയും പറഞ്ഞു.
മലയാള ഭാഷയെയും കേരളത്തെയും കുറിച്ചുള്ള ഗാനങ്ങൾ സുൽഫി കാലിക്കറ്റ്, ഡോ. അനീഷ് ജോസഫ്, രശ്മി സത്യൻ, ലിജു ബേബി എന്നിവർ ആലപിച്ചു. തീർത്ഥ സത്യൻ അവതരിപ്പിച്ച കേരളത്തെക്കുറിച്ചുള്ള നൃത്തശിൽപം കാണികളുടെ മനം കവർന്നു. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' കവിതയുടെ നൃത്താവിഷ്കാരം ഖദീജ താഹ അവതരിപ്പിച്ചു. ആസ്യ മൻസൂർ, അസ്മ മൻസൂർ എന്നിവർ അവതരിപ്പിച്ച നാടൻപാട്ടും സാധിൻ, ഷാമിൽ, മാവിദ്, റോഷൻ എന്നിവർ ഒരുക്കിയ 'മരം ഒരു വരം' എന്ന രംഗാവിഷ്കാരവും നൂറ മരിയ ജിനു, സേറ റിച്ച ജിനു, ഈതൻ തോമസ് ജോർജ്, എവ്ലിൻ തോമസ് ജോർജ് എന്നിവരുടെ സംഘനൃത്തവും ഹൃദ്യമായി. വിദ്യാർഥികളുടെ സംഘനൃത്തം, നാടോടി നൃത്തം, മാപ്പിളപ്പാട്ട്, കവിതാലാപനം തുടങ്ങിയവ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ വിദ്യാർഥികളായ നൂറ ഷംസു, സാൻവി, റിയ, റിത, അന്തോണി എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഈ മാസം ഏഴു മുതൽ ആരംഭിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രവേശനോത്സവവും ചടങ്ങിൽ നടന്നു. മലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണിക്കൊന്ന കോഴ്സിന്റെ സൗജന്യ മലയാളം പഠന ക്ലാസുകൾ എല്ലാ ശനിയാഴ്ചളിലും വൈകിട്ട് നാലു മുതൽ ആറു വരെ ജിസാൻ സയൻസ് ഇന്റർനാഷനൽ സ്കൂളിൽ നടത്തുമെന്ന് മേഖലാ സെക്രട്ടറി സജീർ കൊടിയത്തൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

