അൽഖസീമിൽ മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsബുറൈദ: കേരള സാംസ്കാരിക കാര്യ വകുപ്പിന് കീഴിലുള്ള മലയാളം മിഷെൻറ ഖസീം മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. നിരവധി ഭാഷാപ്രേമികൾ പങ്കെടുത്ത ഓൺലൈൻ പരിപാടിയിൽ മേഖല പ്രസിഡൻറ് സി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാർ എം. സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തി. വെറുമൊരു മലയാള ഭാഷ പഠനവേദിയായി ചുരുക്കാതെ പഠനകേന്ദ്രങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റാനുള്ള ശ്രമമാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വാഭാവിക മാതൃഭാഷ പഠനരീതികളിൽനിന്ന് വ്യത്യസ്തമായി അനുഭവങ്ങളെയും പ്രായോഗിക കാഴ്ചപ്പാടുകളേയും അടിസ്ഥാനമാക്കിയുള്ള ഏറ്റവും ശാസ്ത്രീയമായ പാഠ്യരീതിയാണ് മലയാളം മിഷൻ അവലംബിച്ചിട്ടുള്ളത് എന്നും ഉദ്ഘാടനപ്രസംഗത്തിൽ പ്രഫ. സുജ സൂസൻ ജോർജ് അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന മുഖ്യ പ്രഭാഷണത്തിൽ മലയാളം മിഷെൻറ പഠന പ്രവർത്തനങ്ങളുടെ പ്രായോഗിക രീതി സംബന്ധിച്ച് രജിസ്ട്രാർ എം. സേതുമാധവൻ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. തുടർന്ന് നടന്ന ഖസീം മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാസാഹിത്യ പരിപാടികൾ ഏറെ ശ്രദ്ധയാകർഷിച്ചു. ഷാജൽ അടിവാരം സ്വന്തമായി സംഗീതം നൽകി ചിട്ടപ്പെടുത്തിയ പ്രവേശനോത്സവത്തിെൻറ തീം സോങ് പരിപാടിയിൽ അവതരിപ്പിച്ചു. കൂടാതെ, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ റംഷി പട്ടുവം, യുവ നർത്തകിമാരായ ആഷ്മി ബക്കർ, ലിയ തെരേസ സോണി, ഐശ്വര്യ രഞ്ജിത്ത് എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങേറി. ഷീജ നസീർ, ബക്കർ കൂടരഞ്ഞി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സൗദി ചാപ്റ്റർ ഭാരവാഹികളായ എം.എം. നയീം, താഹ കൊല്ലേത്ത്, ഡോ. മുബാറക് സാനി എന്നിവർ സംബന്ധിച്ചു. അബ്ദുൽ റഹീം ഫാറൂഖി, ഉണ്ണി കണിയാപുരം, ബഷീർ വെള്ളില, പ്രമോദ് കുര്യൻ, ഡോ. ഹസീബ്, ഷറഫുദ്ദീൻ വാണിയമ്പലം എന്നിവർ സംസാരിച്ചു. മേഖല കോഓഡിനേറ്റർ ജിതേഷ് പട്ടുവം സ്വാഗതവും സെക്രട്ടറി എൻജി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
