സൗദിയിലെ പ്രഥമ കുട്ടിമലയാളം ക്ലബിന് തുടക്കമായി
text_fieldsമലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ജിദ്ദ അൽ ഹുദാ മദ്റസയിൽ സംഘടിപ്പിച്ച ‘കുട്ടി മലയാളം ക്ലബി’ ന്റെ ഉദ്ഘാടന പരിപാടിയിൽനിന്ന്
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളം മിഷന് കീഴിൽ, കുട്ടികളിൽ മാതൃഭാഷ സ്നേഹം വളർത്താനും ഭാഷാപരമായ കഴിവുകൾ പരിപോഷിപ്പിക്കാനുമായി രൂപം നൽകുന്ന കുട്ടി മലയാളം ക്ലബുകളുടെ സൗദി അറേബ്യയിലെ ആദ്യ ശാഖക്ക് ജിദ്ദ അൽ ഹുദാ മദ്റസയിലെ പ്രൗഢവേദിയിൽ വർണാഭ തുടക്കം. വെർച്വൽ മീഡിയ പ്ലാറ്റ്ഫോം വഴി പങ്കെടുത്ത മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട അൽഹുദാ കുട്ടി മലയാളം ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാള ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ രക്ഷാധികാരി ഷിബു തിരുവനന്തപുരം കുട്ടി മലയാളം ക്ലബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കവിതകളും പഴഞ്ചൊല്ലുകളുമൊക്കെയായി ഹംസ മദാരി കുട്ടികളുമായി സംവദിച്ചു.
കുട്ടി മലയാളം ക്ലബിലെ മുഹമ്മദ് റാമിൻ, മുഹമ്മദ് റബീഹ്, മർവ, അസീൻ സിയ, ശസ ഫാദിയ, ഷെൻസ ഫാത്തിമ, ഫാത്തിമ സിയ, താനിയ, റിദ ആലുങ്ങല്‍, ദൈഫ സൈനബ്, ഷെൻസ സിഫാസ്, ആലിയ ഫാത്തിമ എന്നിവരുടെ സംഘവും സുബ്ഹാൻ അഷ്റഫ്, മർവ, ആലിയ ഫാത്തിമ എന്നിവരും കവിതകൾ ആലപിച്ചു. ലഹൻ ലിയാഖത് സംസാരിച്ചു. മലയാളം മിഷന് ജിദ്ദ രക്ഷാധികാരി നസീര്‍ വാവക്കുഞ്ഞ്, പ്രസിഡന്റ് നിഷ നൗഫല്‍, ജനറല്‍ സെക്രട്ടറി റഫീഖ് പത്തനാപുരം, മിഷന് അധ്യാപിക സുവിജ സത്യന്, കോഓഡിനേറ്റര്‍ ജുനൈസ് അസൈനാര്‍, ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി, പ്രവാസിപത്രം.കോം എഡിറ്റര്‍ പി.എം. മായിന്‍കുട്ടി, ഒ.ഐ.സി.സി റീജനല്‍ ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല, ഇസ്ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, എഴുത്തുകാരൻ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. മലയാളം മിഷൻ ജിദ്ദ മേഖല ഭാരവാഹികൾ, മദ്റസ ഭാരവാഹികൾ, മദ്റസ അധ്യാപകർ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. അൽ ഹുദാ മദ്റസ പ്രിൻസിപ്പൽ ലിയാഖത്ത് അലി ഖാൻ സ്വാഗതവും അൽ ഹുദാ കുട്ടി മലയാളം ക്ലബ് കോഓഡിനേറ്റർ അൻവർ കടലുണ്ടി നന്ദിയും പറഞ്ഞു.

