‘ബുക്‌റ റമദാൻ ട്രാക്കർ’; പ്രവാസി കുരുന്നുകൾക്ക് റമദാൻ പ്രൊജക്റ്റുമായി മലർവാടി
text_fieldsറിയാദ്: റമദാൻ മാസത്തിെൻറ ചൈതന്യം കുട്ടികളിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ബുക്‌റ റമദാൻ ട്രാക്കർ’ എന്ന പേരിൽ മലർവാടി പ്രവൃത്തി പുസ്തകം (വർക്ക് ബുക്ക്) പുറത്തിറക്കി. റിയാദിലെ അഞ്ഞൂറിലധികം കുടുംബങ്ങളിൽ ഈ പുസ്തകം വിതരണം ചെയ്യുമെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് 22 പേജുകളുള്ള ഈ മനോഹരമായ പ്രൊജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
കുരുന്നുകളിൽ കൗതുകമുണർത്തുന്ന വിധത്തിൽ മൾട്ടി കളറിലാണ് ഇതിെൻറ രൂപകൽപ്പന. ആകർഷകമായ കഥകൾ, അറിവ് പകരുന്ന കളികൾ, ട്രഷർ ഹണ്ട്, പ്രാർത്ഥനകൾ, കുരുന്നുകളുടെ റമദാൻ വിശേഷങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉള്ളടക്കമാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളിൽ ഭക്തി, സഹാനുഭൂതി, ജ്ഞാനം എന്നിവ വളർത്തുന്നതിനും അവ പ്രായോഗികമായി ജീവിതത്തിൽ പകർത്തുന്നതിനും ഇതിലെ ദൈനംദിന പരിപാടികൾ സഹായിക്കും. ‘നാളെ’ എന്നർത്ഥം വരുന്ന ‘ബുക്‌റ’ എന്ന പേര് വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
മലർവാടിയുടെ കീഴിലുള്ള റിസർച്ച് ടീമാണ് ഈ പദ്ധതിയുടെ ആശയവും രൂപകൽപ്പനയും നിർവഹിച്ചിരിക്കുന്നത്. റമദാൻ ഒന്ന് മുതൽ പെരുന്നാൾ ദിവസം വരെയാണ് പ്രൊജക്റ്റിെൻറ കാലാവധി. കുട്ടികൾ തങ്ങൾ ചെയ്ത ആക്ടിവിറ്റികൾ പുസ്തകത്തിൽ രേഖപ്പെടുത്തി മാർച്ച് 31-നകം അതത് സോണൽ കോഓഡിനേറ്റർമാർക്ക് സമർപ്പിക്കണമെന്ന് മലർവാടി സെൻട്രൽ പ്രൊവിൻസ് കോഓഡിനേറ്റർ അറിയിച്ചു. സോണൽ തലത്തിൽ മൂല്യനിർണയം നടത്തി വിജയികൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതാണ്.
പ്രവാസി ബാല്യങ്ങൾക്കായി നിരവധി വൈജ്ഞാനിക പരിപാടികൾ സംഘടിപ്പിക്കുന്ന മലർവാടിയുടെ ഈ റമദാൻ പ്രൊജക്റ്റിനെ ഏറെ കൗതുകത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കുന്നത്. ഈ പദ്ധതിയിൽ പങ്കുചേരാൻ താല്പര്യമുള്ളവർക്ക് മലർവാടി മെൻറർമാരുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

