‘മലർവാടി കലാരവം 2026’ സമാപിച്ചു
text_fields'മലർവാടി കലാരവം 2026' കലോത്സവത്തിൽ പങ്കെടുത്തവർ
'മലർവാടി കലാരവം 2026' സമാപനം ഡോ. ജയശ്രീ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു
തബൂക്ക്: കഠിനമായ തണുപ്പിനെ വകഞ്ഞുമാറ്റി തബൂക്കിലെ പ്രവാസി മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മലർവാടി കലാരവം 2026’ സർഗവിസ്മയങ്ങൾ തീർത്ത് സമാപിച്ചു. വി.എൽ.എസ് റിസോർട്ടിലെ തണുത്ത കാലാവസ്ഥയെ കലോത്സവത്തിന്റെ ആവേശം കൊണ്ട് മറികടന്ന വിദ്യാർഥികൾ രാത്രി വൈകുവോളം കാണികളെ വിസ്മയിപ്പിച്ചു. കേരളത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടനത്തെ അനുസ്മരിപ്പിക്കും വിധം തികച്ചും ചിട്ടയായ രീതിയിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന വാശിയേറിയ പോരാട്ടത്തിൽ അമീനത്ത് ഇർഫില സാജിദ് മെന്ററായ ‘ഡാസ്ലിംഗ് സ്റ്റാർസ്’ കിരീടം ചൂടി. ഷിഫ്ന സാബിക്കിന്റെ നേതൃത്വത്തിലുള്ള ‘റൈസിങ് സ്റ്റാർസ്’ ഒന്നാം റണ്ണറപ്പായും സാജിദ അലിയുടെ നേതൃത്വത്തിലുള്ള ‘ബ്രൈറ്റ് സ്റ്റാർസ്’ രണ്ടാം റണ്ണറപ്പായും ഫിനിഷ് ചെയ്തു.
ചിത്രരചന, ഫാൻസി ഡ്രസ്, മാപ്പിളപ്പാട്ട്, നാടൻപാട്ട്, മോണോ ആക്ട്, പ്രസംഗം, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും, ഒപ്പന, നാടകം, മൈം, ടാബ്ലോ തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. സമകാലിക സാമൂഹിക സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു നാടകം ഉൾപ്പെടെയുള്ള സ്റ്റേജ് ഇനങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
കലാമത്സരങ്ങൾക്കൊപ്പം തന്നെ കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഫുഡ് സ്റ്റാൾ മത്സരം കലാരവത്തിന് ഉത്സവപ്രതീതി പകർന്നു. കേരളത്തിലെ തനത് രുചികൾ മുതൽ വൈവിധ്യമാർന്ന വിഭവങ്ങൾ വരെ വീട്ടമ്മമാരുടെ നേതൃത്വത്തിൽ സ്റ്റാളുകളിൽ ഒരുക്കിയിരുന്നു. തബൂക്കിലെ കഠിനമായ ശൈത്യത്തിൽ ഈ വിഭവങ്ങൾ കാണികൾക്ക് പുതിയൊരു അനുഭവമായി മാറി.
രാത്രി വൈകി നടന്ന സമാപന സമ്മേളനം ഫഹദ് ബിൻ സുൽത്താൻ യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസറും തബൂക്ക് ഐ.ഐ.എസ് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ ഡോ. ജയശ്രീ ഹരീഷ് ഉദ്ഘാടനം ചെയ്തു. മലർവാടി തബൂക്ക് മുഖ്യ രക്ഷാധികാരി സിറാജ് എറണാകുളം അധ്യക്ഷത വഹിച്ചു. 'നല്ല നാളേക്ക്, നല്ല കൂട്ട്' എന്ന മലർവാടിയുടെ സന്ദേശം അദ്ദേഹം കുട്ടികൾക്ക് കൈമാറി.
വിജയികൾക്കുള്ള ട്രോഫികൾ ഡോ. ജയശ്രീ ഹരീഷ് വിതരണം ചെയ്തു. ഫസൽ എടപ്പറ്റ (കെ.എം.സി.സി), ലാലു ശൂരനാട് (ഒ.ഐ.സി.സി), ഉബൈസ് (മാസ്) എന്നിവർ ആശംസകൾ നേർന്നു. നാദിയ സ്വാഗതവും മലർവാടി കോഓഡിനേറ്റർ ഫൻസി സിറാജ് നന്ദിയും പറഞ്ഞു. വിവിധ പരിപാടികൾക്ക് ഷിഹാബുദ്ദീൻ, മുഹമ്മദ് ബഷീർ, ഷാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നൽകി. പ്രവാസ ലോകത്ത് വളരുന്ന തലമുറക്ക് കേരളത്തിെൻറ സാംസ്കാരിക പൈതൃകം തിരിച്ചറിയാനും മലയാള ഭാഷയോടുള്ള താല്പര്യം നിലനിർത്താനും കലോത്സവം വലിയൊരു വേദിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

