വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
text_fieldsയാംബു: യാംബുവിൽനിന്ന് ഉംറ തീർഥാടനത്തിന് പോയ വാഹനം അപകടത്തിൽപ്പെട്ട് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി.
തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ മുഹമ്മദ് ഇസ്‌മാഈൽ (39) ആണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. ഈ മാസം ആറിന് നാല് സുഹൃത്തുക്കളോടൊപ്പം യാംബുവിൽ നിന്ന് ഉംറ തീർഥാടനത്തിന് പോയ വാഹനം മക്കക്കടുത്ത് ഖുലൈസിന് സമീപം വൈകീട്ട് ആറോടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച വാടക കാറിന് പിറകെ പാകിസ്താൻ സ്വദേശി ഓടിച്ച ട്രക്ക് വന്നിടിക്കുകയായിരുന്നു.
യാംബു റോയൽ കമീഷനിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സക്കിടെയാണ് മരണം. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലി കട്ടിലശ്ശേരി, മുഹമ്മദ് അഷ്റഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുറഹ്മാന്‍ തിരുവനന്തപുരം എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇസ്മാഈൽ യാംബു റോയൽ കമീഷൻ ആശുപത്രിയിലെ കോൺട്രാക്‌റ്റിങ് കമ്പനിയിലെ ക്ലീനിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. പിതാവ്: പേവുംകാട്ടിൽ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മക്കൾ: അനസ്, റിയ, റീഹ. ഖുലൈസിൽ വാഹനാപകടം നടന്നപ്പോൾ കെ.എം.സി.സി സന്നദ്ധ പ്രവർത്തകരായ ഹാരിഫ് പഴയകത്ത്, റഷീദ് എറണാംകുളം, ഇബ്‌റാഹീം ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തിൽ വേണ്ട സഹായങ്ങൾ ചെയ്യാൻ രംഗത്തുണ്ടായിരുന്നു.
ജിദ്ദ നവോദയ യാംബു ഏരിയയിലെ റോയൽ കമീഷൻ യൂനിറ്റിലെ സജീവ പ്രവർത്തകനായിരുന്നു മരിച്ച ഇസ്മാഈൽ. അദ്ദേഹത്തിന് വേണ്ട ചികിത്സ ലഭ്യമാക്കാനും മറ്റു നടപടികൾ പൂർത്തിയാക്കാനും നവോദയ യാംബു ജീവകാരുണ്യ കൺവീനർ എ.പി സാക്കിർ, സെക്രട്ടറി സിബിൾ ഡേവിഡ്, ആർ.സി യൂനിറ്റ് പ്രസിഡന്റ് മുനീർ ഹുസൈൻ, ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, ആശുപത്രിയിലെ നവോദയ ആരോഗ്യവേദി പ്രവർത്തകർ, ഏരിയാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

