മലപ്പുറം കെ.എം.സി.സി വെൽഫെയർ വിങ് അദാലത് ശ്രദ്ധേയമായി
text_fieldsറിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് സംഘടിപ്പിച്ച സൗജന്യ നിയമ സഹായ അദാലത് ശ്രദ്ധേയമായി. ഉച്ചക്ക് ശേഷം മൂന്ന് മുതൽ വൈകീട്ട് ഏഴ് വരെ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, വിവിധ വിഷയങ്ങളിലായി 150 ഓളം കേസുകൾ കൈകാര്യം ചെയ്തതായി സംഘാടകർ അറിയിച്ചു. സാമൂഹികം, നിയമം, തൊഴിൽ, ജയിൽ, യാത്ര പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കകൾക്കാണ് അദാലത്തിൽ നിയമസഹായം ഒരുക്കിയത്.
വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.കെ. കോയമു ഹാജി, മുഹമ്മദ് വേങ്ങര, ഷറഫു പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. അദാലത്തിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അഞ്ച് പ്രധാന വിഭാഗങ്ങളായാണ് സേവനങ്ങൾ ഒരുക്കിയത്. ചെയർമാൻ റഫീഖ് ചെറുമുക്കും കൺവീനർ റിയാസ് തിരൂർക്കാടും മുഖ്യമായി നിയന്ത്രിച്ച ഈ പരിപാടിയിൽ സാമൂഹിക വിഷയങ്ങളിൽ സലീം സിയാംകണ്ടം, സി.വി. ഇസ്മാഈൽ, ഹസീബ് എന്നിവർ നേതൃത്വം നൽകി.
നിയമപരമായ കാര്യങ്ങൾക്ക് ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ, ഷറഫ് തേഞ്ഞിപ്പലം എന്നിവർ മാർഗനിർദേശം നൽകി. തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിൽ ഇസ്ഹാഖ് താനൂർ, ഹനീഫ മുതവല്ലൂർ, അഷ്റഫ് കോട്ടക്കൽ എന്നിവർ സഹായങ്ങൾ ഒരുക്കി. ജയിൽ സംബന്ധമായ വിഷയങ്ങൾ നൗഷാദ് കോട്ടക്കൽ, നൗഷാദ് വള്ളിക്കുന്ന് എന്നിവരാണ് കൈകാര്യം ചെയ്തത്. യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഷറഫ് മങ്കട, ഫൈസൽ ഓമച്ചപുഴ, അനസ് പെരുവള്ളൂർ, അനസ് കരിങ്കപാറ, എ.കെ. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികളായ ശുഹൈബ് പനങ്ങാങ്ങര, ഷൗക്കത്ത് കടമ്പോട്ട്, ശരീഫ് അരീക്കോട്, യൂനുസ് താഴെക്കോട്, റാഷിദ് ദയ, അലി അക്ബർ കോഴിക്കോട് തുടങ്ങിയ നേതാക്കൾ ക്യാമ്പ് സന്ദർശിച്ചു. അദാലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത പ്രവാസികൾക്കായി നിയമസഹായം ലഭ്യമാക്കാൻ സാഹചര്യം ഒരുക്കുമെന്ന് വെൽഫെയർ വിങ് കമ്മിറ്റി അറിയിച്ചു. പ്രത്യേകമായ ഒരു ദിവസം ഇതിനായി മാറ്റിവെക്കുമെന്നും പ്രശ്നപരിഹാരത്തിനുള്ള എല്ലാ സഹായങ്ങളും ഫോൺ വഴി ലഭ്യമാക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പ്രവാസികളുടെ അതിജീവനത്തിന് പിന്തുണയായി ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

