ജിദ്ദയിൽ ആവേശമായി മലപ്പുറം ജില്ല ഒ.ഐ.സി.സിയുടെ ‘കൊട്ടിക്കലാശം’
text_fieldsപ്രവാസത്തെ കൊട്ടിക്കലാശവുമായി ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയംഗങ്ങൾ
ജിദ്ദ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം പ്രവാസലോകത്തേക്കും പകർന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച കൊട്ടിക്കലാശം ശ്രദ്ധേയമായി. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ അതേ ഉണർവും ആവേശവും പുനരാവിഷ്കരിച്ചുകൊണ്ട് ജിദ്ദയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു പരിപാടി.
ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും രാഷ്ട്രീയ ഗാനങ്ങൾ ആലപിച്ചും പ്രവർത്തകർ പരിസരം ഉത്സവാന്തരീക്ഷത്തിലാക്കി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രവർത്തകർ, ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്ന സന്ദേശവും പരിപാടിയിലൂടെ പങ്കുവച്ചു.
പ്രവാസികളുടെ വോട്ടവകാശത്തോടുള്ള ബോധവത്കരണവും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അവരുടെ ആഴത്തിലുള്ള താല്പര്യവും ഈ കൊട്ടിക്കലാശം വ്യക്തമാക്കുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസലോകത്തും ജനാധിപത്യത്തിന്റെ ഉണർവും രാഷ്ട്രീയ പങ്കാളിത്തവും ശക്തമായി നിലനിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമായി ഈ പരിപാടി മാറി. യാസിർ നായിഫ്, സി.ടി.പി. ഇസ്മാഈൽ, ഇ.പി. മുഹമ്മദാലി, സാജു റിയാസ്, ഷംസുദ്ധീൻ, നൗഷാദ് ബഡ്ജറ്റ്, കെ.പി. ഉസ്മാൻ, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. പി.കെ. നാദിർഷ, അബ്ദുല്ലകുട്ടി, നവാബ് (കുട്ടിക്ക) എന്നിവർ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി. ചടങ്ങിൽ യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

