രാജീവ് ഗാന്ധി അനുസ്മരണവുമായി മലപ്പുറം ജില്ല ഒ.ഐ.സി.സി
text_fieldsജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയിൽനിന്ന്
ജിദ്ദ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതത്തിെൻറ നവോത്ഥാന രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ നേതാവുമായ രാജീവ് ഗാന്ധിയുടെ 35-ാമത് അനുസ്മരണ പരിപാടി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. അയ്യൂബ് ഖാൻ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൈസൽ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. നാസർ കോഴിത്തൊടി മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിെൻറ ഐക്യത്തിനും മതനിരപേക്ഷതക്കും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ ആശയങ്ങൾ ഇന്നും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജില്ലകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒരു മിനിറ്റ് മൗനപ്രാർഥനക്ക് ശേഷം രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സി.ടി.പി. ഇസ്മാഈൽ, മുഹമ്മദ് ഓമാനൂർ, ഷൗക്കത്ത് പുഴക്കാട്ടിരി, സമീർ പാണ്ടിക്കാട്, ഉസ്മാൻ മേലാറ്റൂർ എന്നിവർ സംസാരിച്ചു. രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണവും രാജ്യത്തിെൻറ സാങ്കേതിക, വിദ്യാഭ്യാസ, ടെലികമ്യൂണിക്കേഷൻ മേഖലകളിലെ പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനകളും സംസാരിച്ചവർ അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പുതിയ തലമുറക്ക് ജനാധിപത്യത്തിെൻറയും ദേശീയ ഐക്യത്തിെൻറയും പ്രാധാന്യം ഓർമപ്പെടുത്തുന്നതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും അനസ് നെടുവഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

