മലപ്പുറം ജില്ല കെ.എം.സി.സി മാപ്പിള കലോത്സവത്തിന് ഇന്ന് തുടക്കം
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ കാമ്പയിന്റെ ഭാഗമായി ‘കാലിഫ് കലയുടെ കാഴ്ചകൾ’ എന്ന ശീർഷകത്തിൽ മാപ്പിള കലോത്സവം സംഘടിപ്പിക്കുന്നു.വ്യാഴാഴ്ച (മേയ് എട്ട്) ഉദ്ഘാടനം ചെയ്യുന്ന കലോത്സവം മൂന്ന് മാസം നീണ്ടുനിൽക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചർ ആൻഡ് കൾചറൽ ഫെസ്റ്റ് റിയാദിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടിയായിരിക്കും.
മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാർദം തുടങ്ങിയ വിഷയങ്ങൾ പ്രവാസികൾക്കിടയിൽ ചർച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശ്യം. അന്യംനിന്നുപോകുന്ന മാപ്പിള കലകളുടെ അത്യപൂർവ സൗരഭ്യം പ്രവാസലോകത്ത് പരത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മാപ്പിള കലോത്സവത്തിൽ മാപ്പിളപ്പാട്ടുകൾ, പ്രവാചക മദ്ഹ് ഗാനങ്ങൾ, ഒപ്പന, നേതൃസ്മൃതി-കഥപറച്ചിൽ, മുദ്രാവാക്യം വിളി, പ്രസംഗം, മാപ്പിളപ്പാട്ട് രചന, ഉപന്യാസ രചന, അറബി-മലയാളം കൈയെഴുത്ത്, ചിത്രരചന, കളറിങ്, മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ ഇനങ്ങൾ അരങ്ങേറും. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കെ.എം.സി.സി കമ്മിറ്റികളുടെ ബാനറിൽ നൂറുകണക്കിന് പ്രവാസികൾ വിവിധ ദിവസങ്ങളിൽ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കും.
ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ബുക്ക് ഫെസ്റ്റ്, പാനൽ ചർച്ചകൾ, ഓദഴ്സ് ഇവന്റുകൾ, വിവിധ സാംസ്കാരിക പരിപാടികൾ, മാപ്പിള കലകളുടെ പ്രദർശനം, എക്സിബിഷൻ തുടങ്ങി വർണാഭമായ പരിപാടികൾ അരങ്ങേറും. ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ദി വോയേജ്‘ സംഘടന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പരിപാടികൾ നടക്കുകയുണ്ടായി. നോർക്ക കാമ്പയിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികളെ നോർക്കയിൽ അംഗത്വമെടുപ്പിക്കുകയും ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് എന്നിവയിൽ ചേർക്കുകയും ചെയ്തു.
‘റൂട്ട് 106’ എന്ന പേരിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രത്യേക സമ്മേളനങ്ങൾ ആരംഭിച്ചു. തുടർന്ന് സൂപ്പർ 16 എന്ന പേരിൽ 16 നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും. ജില്ല മുസ്‌ലിം യൂത്ത് ലീഗ് നടപ്പാക്കിയ സീതി സാഹിബ് അക്കാദമി സാമൂഹിക പഠന കേന്ദ്രത്തിന്റെ ഓഫ് കാമ്പസ് റിയാദിൽ സ്ഥാപിക്കും. നേതൃസ്‌മൃതി, സെമിനാറുകൾ, കുട്ടികളെ സംഘടിപ്പിച്ചുള്ള എം.എസ്.എഫ് ബാലകേരളം, വനിത കെ.എം.സി.സിക്ക് ജില്ലതല ഘടകം രൂപവത്കരിക്കൽ തുടങ്ങിയ പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കും.ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ‘കാലിഫ്’ ഡയറക്ടർ ഷാഫി തുവ്വൂർ, ട്രഷറർ മുനീർ വാഴക്കാട്, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, ടെക്നിക്കൽ സമിതി അംഗം നവാസ് കുറുങ്കാട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

