വിഭാഗീയ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക -പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsനിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഓൺലൈൻ
കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
ജിദ്ദ: ജനാധിപത്യ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജീവിതനിലവാരത്തിൽ വന്ന പ്രയാസങ്ങൾ ദുരീകരിക്കാനും ലഹരി വിപത്തുകൾ പാടെ ഉന്മൂലനം ചെയ്യാനും കേരളീയ ജനതയുടെ നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷ വിജയം സുനിശ്ചിതമാക്കാൻ പ്രവാസികൾ നാട്ടിലെത്തി വോട്ടുകൾ രേഖപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് നിലമ്പൂർ മണ്ഡലത്തിലെ പ്രവാസി വോട്ടർമാരോട് അഭ്യർഥിച്ചു.
നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി സംഘടിപ്പിച്ച ‘നല്ല നിലമ്പൂരിന് - ബാപ്പുട്ടിക്കൊരു വോട്ട്’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി തെരഞ്ഞെടുപ്പ് ഓൺലൈൻ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി നാസർ എടപ്പറ്റ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എ.പി. അനിൽകുമാർ, പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ഇസ്മാഈൽ മൂത്തേടം, ഇക്ബാൽ മാസ്റ്റർ, ടി.പി. അഷ്റഫലി തുടങ്ങിയവർ സംസാരിച്ചു. വിവിധ ഗ്ലോബൽ കമ്മിറ്റികളുടെ പ്രചാരണ പരിപാടികൾ അബ്ദുൽ സലാം പരി (ദുബൈ), അബൂട്ടി പള്ളത്ത് (സൗദി), ടി.പി. നസ്രുദ്ദീൻ (ഖത്തർ), ഹാരിസ് മേത്തല (ഒമാൻ), സാജിത കരുളായി (ബംഗളുരു) എന്നിവർ വിശദീകരിച്ചു. തുടർന്ന് വോട്ടുകൾ അഭ്യർഥിച്ചുകൊണ്ട് യു.ഡി.ഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സംസാരിച്ചു.
മുതിർന്ന കെ.എം.സി.സി നേതാക്കളായ പി.സി.എ. റഹ്മാൻ, ഷാജഹാൻ ചുങ്കത്തറ, എ.പി. നൗഷാദ്, മുജീബ് ഉപ്പട, അലി അസ്കർ, താജുദ്ദീൻ നിലമ്പൂർ, സുബൈർ വട്ടോളി, ഷഫീഖ് മനോളൻ, അശ്റഫ് പരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ടി. ജുനൈസ് പോത്തുകല്ല് സ്വാഗതവും സെക്രട്ടറി റഫീഖ് കരപ്പുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

