വിനോദ സഞ്ചാര വികസനത്തിന് വൻ പദ്ധതി: അസീർ പ്രവിശ്യയിൽ 11 ശതകോടി റിയാലിെൻറ 'സൗദ വികസന കമ്പനി'
text_fieldsഅസീർ മേഖലയിലെ ദൃശ്യം
ജിദ്ദ: ജിദ്ദ: സൗദി അറേബ്യയിലെ ആഭ്യന്തര വിനോദ സഞ്ചാര ഭൂപടത്തിലെ സുപ്രധാന മേഖല അസീർ പ്രവിശ്യയിൽ വമ്പൻ വികസന പദ്ധതി പ്രഖ്യാപിച്ചു. ഇൗ മേഖലയിലെ വിനോദ സഞ്ചാര വികസനത്തിനായി സൗദ വികസന കമ്പനി എന്ന സംരംഭം രൂപവത്കരിച്ചു. സൗദി കിരീടാവകാശിയും പൊതുനിക്ഷേപ നിധി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതി പ്രഖ്യാപിച്ചത്. 11 ശതകോടി റിയാലിലേറെ ഇൗ പദ്ധതിയിൽ മുതൽമുടക്കും. പൊതുനിക്ഷേപ നിധിയുടെ പൂർണ ഉടമസ്ഥതയിലായിരിക്കും കമ്പനി പ്രവർത്തിക്കുക. ടൂറിസം, വിനോദ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അൽസൗദയും പൗരാണിക ഗ്രാമമായ റിജാൽ അൽമഅ് പ്രദേശത്തിെൻറ ചില ഭാഗങ്ങളുമാണ് ഇൗ വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇൗ പ്രദേശങ്ങളിലെ ആഴത്തിലുള്ള സംസ്കാരവും തനതായ പൈതൃകവും ആകർഷകമായ പ്രകൃതിയും നിലനിർത്തി വേറിട്ടു നിൽക്കുന്ന ആഡംബര ഹിൽ ടൂറിസം കേന്ദ്രമാക്കാനാണ് പരിപാടി. 2,700 ഹോട്ടൽ മുറികൾ, 1,300 റിസോർട്ടുകൾ, 30 വാണിജ്യ, വിനോദ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇൗ പദ്ധതി നടപ്പാകുേമ്പാൾ 8,000 തൊഴിലവസരം സൃഷ്ടിക്കപ്പെടും.
ടൂറിസം വികസനത്തിെൻറ ഭാഗമായി അസീർ മേഖലയിൽ നടപ്പാക്കാൻ പോകുന്ന ഭീമമായ പദ്ധതി കിരീടാവകാശിയുടെ താൽപര്യവും കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പനി പ്രഖ്യാപനത്തിനു ശേഷം പൊതുനിക്ഷേപ നിധി ഗവർണർ യാസിർ ബിൻ ഉസ്മാൻ അൽറുമയാൻ പറഞ്ഞു. മേഖലയെ ഗ്ലോബൽ ഹിൽ ടൂറിസം കേന്ദ്രമാക്കി മാറ്റും. രാജ്യത്തിനും പൊതുവിൽ മേഖലക്കും വലിയൊരു മുതൽക്കൂട്ടായിരിക്കും പദ്ധതി. പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 150 ശതകോടി റിയാലിൽ കുറയാത്ത നിക്ഷേപം നടത്താനുള്ള കിരീടാവകാശിയുടെ നിർദേശങ്ങൾ നടപ്പാക്കാനുള്ള പൊതുനിക്ഷേപ നിധിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് സൗദ കമ്പനിയുടെ സമാരംഭമെന്ന് അൽറുമയാൻ പറഞ്ഞു.
സാമ്പത്തിക വൈവിധ്യവത്കരണത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ ഗുണപരമായ സ്വാധീനം കൈവരിക്കുന്നതിനും 80 ശതമാനം പ്രാദേശിക നിക്ഷേപമാണ് കമ്പനി ആഗ്രഹിക്കുന്നത്. 2030ൽ ഏഴ് ലക്ഷം കോടി റിയാലാണ് പൊതുനിക്ഷേപ നിധി ലക്ഷ്യമിടുന്നത്. അസീർ മേഖലയുടെ മനോഹരമായ പ്രകൃതിയിലും സവിശേഷതകളിലും നിക്ഷേപം നടത്താനാണ് കമ്പനി ശ്രമിക്കുന്നത്. പൈതൃകവും സംസ്കാരവുംകൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങൾ അസീർ മേഖലയിലുണ്ട്. സന്ദർശകർക്ക് ആഴത്തിലുള്ള സംസ്കാരവും ചരിത്രവും പര്യവേക്ഷണവും നടത്താനും സാഹസികം, കായികം, സമാധാനം, വിനോദം എന്നീ അനുഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അസീർ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം –ഗവർണർ
ജിദ്ദ: അസീർ മേഖലയുടെ എല്ലാ ഭാഗങ്ങളും അഭൂതപൂർവമായ വികസനത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് ഗവർണർ അമീർ തുർക്കി ബിൻ ത്വലാൽ അഭിപ്രായപ്പെട്ടു. അസീർ മേഖല വികസനത്തിന് സൗദ വികസന കമ്പനി ആരംഭിക്കുന്നു എന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഗവർണർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വികസന പദ്ധതിക്കിടയിൽ പ്രകൃതി സംരക്ഷണം കണക്കിലെടുക്കും. രാജ്യത്തെ ജനങ്ങൾക്കും അസീറിലും സൗദയിലേയും റിജാലുൽ അൽമഅ്ലേയും പ്രദേശവാസികൾക്ക് ശോഭനവും സന്തോഷകരവുമായ ഭാവിയെക്കുറിച്ച് സന്തോഷവാർത്തയാണ് കിരീടാവകാശി പ്രഖ്യാപിച്ചത്. അസീർ മേഖലയിലെ സവിശേഷതകൾ മത്സരാധിഷ്ഠിത നേട്ടമാക്കി മാറ്റുകയാണ് സൗദ കമ്പനി പദ്ധതികളിലൂടെയെന്ന് ഗവർണർ പറഞ്ഞു.
അസീർ മേഖല ലോകതലത്തിൽ അറിയപ്പെടുന്ന സ്ഥലങ്ങളിലുൾപ്പെടാൻ സൽമാൻ രാജാവും വ്യക്തിപരമായി കിരീടാവകാശിയും വലിയ താൽപര്യമാണ് കാണിക്കുന്നത്. രാജ്യത്തെ ഒരോ പദ്ധതികളും വ്യവസ്ഥാപിതമായി പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടക്കുകയാണ്. അസീറിലെ സൗദയിലും റിജാലുൽ അൽമഇലും ആരംഭിക്കുന്ന പദ്ധതികൾ പ്രദേശത്തെ ആഗോള പ്രശസ്തമായ ഹിൽ ടൂറിസ കേന്ദ്രമാക്കി മാറ്റുമെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

