റിയാദ് വിമാനത്താവളത്തിൽ വലിയ മാറ്റം; ഫെബ്രുവരി 16 മുതൽ പുതിയ ടെർമിനൽ ക്രമീകരണങ്ങൾ
text_fieldsകിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണ ഭാഗമായി, വിമാന സർവിസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറുന്നു. ഫെബ്രുവരി 16 മുതൽ 25 വരെ നീളുന്ന 10 ദിവസത്തെ പ്രവർത്തനത്തിലൂടെയാകും ഈ മാറ്റങ്ങൾ. സൗദി എയർലൈൻസ് (സൗദിയ), ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നിവയുൾപ്പെടെ ആഭ്യന്തര വിമാനങ്ങളും വിദേശ വിമാനക്കമ്പനികളും മാറ്റത്തിന്റെ പരിധിയിൽ വരും. വിമാനത്താവളത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും വിമാനത്താവളത്തിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന സമയം മുൻകൂട്ടി പരിശോധിച്ച് കൃത്യമായ ടെർമിനലിൽ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
മാറ്റങ്ങൾ നടപ്പാക്കുന്ന തീയതികളും പുതിയ ടെർമിനലുകളും ചുവടെ:
1. ഫെബ്രുവരി 16-ന് പുലർച്ചെ 12-ന് ശേഷം ഫ്ലൈഅദീൽ അന്താരാഷ്ട്ര സർവിസുകൾ ഒന്നാം ടെർമിനലേക്ക് മാറും.
2. ഫെബ്രുവരി 17-ന് പുലർച്ചെ മൂന്നിന് ശേഷം സൗദിയ അന്താരാഷ്ട്ര സർവിസുകൾ രണ്ടാം ടെർമിനലിലേക്ക് മാറും.
3. ഫെബ്രുവരി 24-ന് പുലർച്ചെ 12-ന് ശേഷം സൗദിയ ആഭ്യന്തര സർവിസുകൾ നാലാം ടെർമിനലിലേക്ക് മാറും.
4. ഫെബ്രുവരി 24-ന് രാത്രി 11-ന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ നാലാം ടെർമിനലിൽ നിന്നായിരിക്കും.
5. ഫെബ്രുവരി 25-ന് പുലർച്ചെ അഞ്ചിന് ശേഷം വിദേശ വിമാനക്കമ്പനികളുടെ രാഷ്ട്ര സർവിസുകൾ അഞ്ചാം ടെർമിനലിൽ നിന്നായിരിക്കും.
6. ഫെബ്രുവരി 25-ന് രാവിലെ ഏഴിന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവിസുകൾ (സ്ഥിര സംവിധാനം) മൂന്നാം ടെർമിനലിൽനിന്നാവും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:
പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.
1. നേരത്തെ എത്തുക: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ട ടെർമിനലുകളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുക.
2. ടെർമിനൽ പരിശോധിക്കുക: യാത്ര പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനി നൽകുന്ന അറിയിപ്പുകൾ വഴി ടെർമിനൽ കൃത്യമായി ഉറപ്പുവരുത്തുക.
3. വിമാനക്കമ്പനികളുമായി ബന്ധപ്പെടുക: മാറ്റങ്ങൾ നടക്കുന്ന സമയമായതിനാൽ വിമാനക്കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

