വിളയിൽ ഫസീലയുടെ ‘മൈലാഞ്ചിരാവ് 2023’ ഇന്ന് റിയാദിൽ
text_fieldsമാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയും ‘മൈലാഞ്ചിരാവ് 2023’ സംഘാടകരും റിയാദിൽ വാർത്ത സമ്മേളനത്തിൽ
റിയാദ്: മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല നേതൃത്വം നൽകുന്ന ‘മൈലാഞ്ചിരാവ് 2023’ ഇശൽസന്ധ്യ വെള്ളിയാഴ്ച റിയാദിൽ. വിഖ്യാത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയുടെ ശിഷ്യൻ കെ.എസ്. സിറാജും അണിനിരക്കുന്ന സംഗീത പരിപാടി വൈകീട്ട് 7.30ന് റിയാദ് എക്സിറ്റ് 16ലെ ഖത് അൽ സൈഫ് ഇസ്തിറാഹയിൽ അരങ്ങേറും.
അദ്മ പ്രൊഡക്ഷൻസിെൻറ ബാനറിൽ കെ.ജി.എൻ, സീ ടെക് ഗ്രൂപ്പുകൾ സംയുക്തമായി അണിയിച്ചൊരുക്കുന്ന പരിപാടിയിൽ മാപ്പിളപ്പാട്ടുകാരായ വി.എം. കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, ആയിഷ ബീഗം എന്നിവരുടെ വിളയിൽ ഫസീല പാടി അനശ്വരമാക്കിയ പാട്ടുകളും മലയാളത്തിലെ പ്രശസ്ത ഗായകരായ യേശുദാസ്, മാർക്കോസ്, നൗഷാദ് എന്നിവരുടെ കൂടെ സിനിമയിൽ ആലപിച്ച് ഹിറ്റാക്കിയ പാട്ടുകളും പരിപാടിയിൽ ആലപിക്കും. റിയാദിലെ വിവിധ ഡാൻസ് അക്കാദമികൾ ഒരുക്കുന്ന ഒപ്പനയും ഈ വരികൾക്ക് ചുവടുവെച്ച് അരങ്ങേറും.
പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ റിയാദിൽ സംഘാടകർ വിളിച്ച വാർത്തസമ്മേളനത്തിൽ വിളയിൽ ഫസീലയും കെ.എസ്. സിറാജും പങ്കെടുത്തു. മുമ്പും സൗദിയിൽ വന്ന് പാടിയിട്ടുണ്ടെന്നും മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്ന വലിയൊരു ആസ്വാദകസമൂഹം റിയാദിലുണ്ടെന്നും അവർക്കു മുന്നിൽ വീണ്ടും പാടാൻ അവസരം കിട്ടുന്നത് ഏറെ ആഹ്ലാദകരമാണെന്നും വിളയിൽ ഫസീല പറഞ്ഞു. മലപ്പുറം ഏറനാട് മുതുവല്ലൂർ സ്വദേശിനിയാണ് വിളയിൽ ഫസീല.
‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദുറഹ്മാെൻറ രചനയായ ‘ഹല്ലാക്കായുള്ളോനേ’ എന്ന ഗാനം എം.എസ്. വിശ്വനാഥെൻറ സംഗീതത്തിൽ പാടിയാണ് വിളയിൽ ഫസീല ആദ്യമായി പിന്നണി സംഗീത രംഗത്തേക്ക് എത്തുന്നത്. പതിനാലാം രാവിൽ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ ‘മണവാട്ടി കരംകൊണ്ട് മുഖം മറച്ച്’ എന്ന ഗാനം എരഞ്ഞോളി മൂസയുടെ കൂടെയും ‘മൈലാഞ്ചി’യിൽ എ.ടി. ഉമ്മർ സംഗീതം നൽകിയ ‘കൊക്കര കൊക്കരക്കോ’ എന്ന ഗാനവും 1921ൽ ‘ഫിദൗസിൽ അടുക്കുമ്പോൾ’ എന്ന ഗാനം നൗഷാദിെൻറ കൂടെയും ആലപിച്ചു.
സൗദിയുൾപ്പെടെ വിദേശരാജ്യങ്ങളിലും നാട്ടിലും നിരവധി പരിപാടികൾ നടത്തി. കേരള മാപ്പിള കലാ അക്കാദമിയുടെ ‘ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ്’, കേരള ഫോക്‌ലോർ അവാർഡ് എന്നിവയും കൂടാതെ മറ്റു നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗൾഫ്നാടുകളിൽ ഒട്ടേറെ മാപ്പിളപ്പാട്ട് പരിപാടികളിൽ സംബന്ധിക്കാനായെന്നും സൗദിയിൽ വീണ്ടുമെത്തുന്നത് ആഹ്ലാദകരമാണെന്നും കെ.എസ്. സിറാജ് പറഞ്ഞു. ആയിഷ ബീഗം, റംലാ ബീഗം, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, വിളയിൽ ഫസീല, രഹന തുടങ്ങി പ്രഗല്ഭരായ എല്ലാ മാപ്പിളപ്പാട്ടുകാരുടെയും കൂടെ ധാരാളം വേദികളിലും കാസറ്റുകളിലും പാടാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ വെള്ളിയാഴ്ച അരങ്ങേറുന്ന പരിപാടിയിൽ വിളയിൽ ഫസീലക്കും കെ.എസ്. സിറാജിനുമൊപ്പം പ്രവാസി ഗായകരായ തസ്‌നീം റിയാസ്, ശബാന അൻഷാദ്, ഹനീഫ കൊയിലാണ്ടി, സൈൻ പാച്ചാക്കര എന്നിവരും പാടും. വാർത്തസമ്മേളനത്തിൽ സംഘാടകരായ റിയാസ് റഹ്മാൻ, തസ്‌നീം റിയാസ്, അസീസ് കടലുണ്ടി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

