മദീന റൗദ ശരീഫ്; ഒരു വർഷത്തിനുള്ളിൽ സന്ദർശിച്ചത് 1.3 കോടിയിലധികം ഭക്തർ
text_fieldsമദീനയിലെ പ്രവാചക പള്ളിയിലെ ‘റൗദ’
മദീന: ഒരു വർഷത്തിനുള്ളിൽ മദീന മസ്ജിദ് നബവിയിലെ റൗദ (പ്രാർഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) സന്ദർശിച്ച് പ്രാർഥന നടത്തിയ വിശ്വാസികളുടെ എണ്ണം 1.3 കോടി കവിഞ്ഞതായി ഇരു ഹറം കാര്യാലയം അറിയിച്ചു. റൗദ സന്ദർശിക്കാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽനാ’ ആപ്ലിക്കേഷനുകൾ വഴിയാണ് പെർമിറ്റ് അനുവദിക്കുന്നത്. ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ബുക്ക് ചെയ്യാൻ അവസരം.
റൗദാ ശരീഫിൽ സന്ദർശകർക്കും തീർഥാടകർക്കുമുള്ള പ്രാർഥന സമയം 10 മിനിറ്റാണ് ഇപ്പോൾ. തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് ഈ നിയന്ത്രണം. തീർഥാടകർ പെർമിറ്റിലെ തീയതിയും സയമവും കൃത്യമായി പാലിക്കണം. പെർമിറ്റിൽ കാണിച്ച സമയത്തിനും അര മണിക്കൂർ മുമ്പെങ്കിലും റൗദ ശരീഫിനടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി നിർദേശിച്ചു. എന്തെങ്കിലും കാരണത്താൽ പെർമിറ്റ് ഉടമകൾക്ക് അനുവദിക്കപ്പെട്ട സമയത്ത് എത്താൻ കഴിയുന്നില്ലെങ്കിൽ മുൻകൂട്ടി റദ്ദാക്കണം.
റൗദ സന്ദർശിക്കാൻ എത്തുന്ന തീർഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്ന തരത്തിൽ നടപടികൾ കുറ്റമറ്റ നിലയിൽ നടപ്പാക്കാനുള്ള പ്രതിബദ്ധത ഇരു ഹറം കാര്യാലയ അതോറിറ്റി ഊന്നിപ്പറഞ്ഞു. റൗദ സന്ദർശിക്കാൻ ഒരുക്കിയ പുതിയ സംവിധാനങ്ങൾ ഏറെ ഫലപ്രദമായതായി വിലയിരുത്തുന്നു. നുസുക്, തവക്കൽന ആപ്പുകളിലൂടെ പ്രീ-ബുക്കിങ് സംവിധാനം വികസിപ്പിക്കാനും സുരക്ഷയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി റൗദയിലെ പ്രവേശനവും പുറത്തുകടക്കലും സുഗമമായി നടപ്പാക്കാനുമുള്ള അതോറിറ്റിയുടെ കർമപദ്ധതികൾ ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
സന്ദർശകരുടെ ഗതാഗതം നിയന്ത്രിക്കുന്നതിനും പ്രവേശനത്തിന് അനുയോജ്യമായ സമയം നിർണയിക്കുന്നതിനും അതോറിറ്റി കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകളെ ഉപയോഗ പ്പെടുത്തുന്നുണ്ട്.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സേവനങ്ങളും ഇവിടെ നൽകുന്നു. സുഗമവും സുരക്ഷിതവുമായ ആത്മീയ അനുഭവം ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങളാണ് മസ്ജിദുന്നബവിയിൽ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

