മദീന ബസ് ദുരന്തം: സഹായം ഉറപ്പാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് മദീനയിൽ ക്യാമ്പ് ഓഫിസ് തുറന്നു
text_fieldsമദീന: ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 45 പേർ മരിച്ച മദീന ദുരന്തത്തിൽ സഹായം ഏകോപിപ്പിക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് മദീനയിൽ ക്യാമ്പ് ഓഫിസ് തുറന്നു. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനും വിവരങ്ങൾ കൈമാറാനുമായാണ് ക്യാമ്പ് ഓഫിസ് സ്ഥാപിച്ചിരിക്കുന്നത്. മദീന അൽ മസാനിയിലെ സറൂർ ത്വയ്ബ അൽദഹബിയ ഹോട്ടലിലെ ഒന്നാം നിലയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസിൽ റൂം നമ്പർ 104 ലാണ് ക്യാമ്പ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഇന്ത്യൻ കോൺസുലേറ്റ് 'എക്സി'ൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും തെലങ്കാനയിൽ നിന്നുള്ള ഹൈദരാബാദ് സ്വദേശികളാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തെലങ്കാന സർക്കാർ അടിയന്തര നടപടികൾ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം തെലങ്കാന കാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തും. മാജിദ് ഹുസൈൻ എം.എൽ.എയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബി. ശഫീഉള്ളയും സംഘത്തിലുണ്ട്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും സൗദി അധികൃതരുമായും ഇവർ ചർച്ച നടത്തും.
മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസ്
മതപരമായ ആചാരപ്രകാരം മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ സൗദി അറേബ്യയിൽ വെച്ച് നടത്താനാണ് സർക്കാർ തീരുമാനം. ഇതിനായി മരിച്ച ഓരോ തീർഥാടകന്റെയും കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും തെലങ്കാന സർക്കാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും അടിയന്തര നിർദ്ദേശം നൽകുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം, റിയാദിലെ ഇന്ത്യൻ എംബസി, സൗദി അധികൃതർ എന്നിവരുമായി ചേർന്ന് വിവരങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹൈദരാബാദിലും ന്യൂഡൽഹിയിലും ഇതിനായി സഹായകേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്, മദീനയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ വെച്ച് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് പൂർണമായും കത്തിനശിക്കുകയും 45 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്, ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ദുരന്തത്തെ തുടർന്ന് അടിയന്തരമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയുന്നതിനും സഹായത്തിനുമായി 8002440003 (ടോൾ ഫ്രീ), 00966122614093, 00966126614276, 00966556122301 (വാട്ട്‌സ്ആപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ കോൺസുലേറ്റ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

