മദീന ബസ് ദുരന്തം: ഇന്ത്യൻ ഉന്നതതല സംഘം മദീനയിലെത്തി; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന തുടങ്ങി
text_fieldsമദീനയിലെത്തിയ ഇന്ത്യൻ ഉന്നതതല സംഘത്തെ ഇന്ത്യൻ അംബാസഡർ, കോൺസൽ ജനറൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.
മദീന: 45 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകട ദുരന്തത്തിന് പിന്നാലെ, രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാരിന്റെ ഉന്നതതല സംഘം സൗദി അറേബ്യയിലെത്തി. ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് എസ്. അബ്ദുൽ നസീറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് മദീനയിൽ എത്തിയത്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും ഗവർണർക്കൊപ്പം സംഘത്തിലുണ്ട്.
റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, സൗദി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംഘത്തെ മദീന വിമാനത്താവളത്തിൽ സ്വീകരിച്ചു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.azhaഹൈദരാബാദിൽ നിന്ന് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ മരിച്ചവരുടെ ബന്ധുക്കളെ തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മദീന വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇവർക്കുള്ള താമസസൗകര്യങ്ങളും മറ്റ് നടപടിക്രമങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നുണ്ട്.
മരിച്ചവരെ തിരിച്ചറിയുന്നതിനായി മദീനയിലെത്തിയ അവരുടെ ബന്ധുക്കളിൽ നിന്ന് സൗദി അധികൃതർ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. മൃതദേഹാവശിഷ്ടങ്ങളുമായി ഒത്തുനോക്കിയാകും തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുക. മതപരമായ ആചാരപ്രകാരം മൃതദേഹങ്ങളുടെ ഖബറടക്കം മദീനയിൽ തന്നെ നടക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ മദീനയിലുള്ളതിനാൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം ബന്ധുക്കൾ ഉംറ നിർവഹിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
മദീനയ്ക്ക് സമീപം 46 ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെടെ 45 പേരാണ് അപകടത്തിൽ വെന്തുമരിച്ചത്. രക്ഷപ്പെട്ട ഏക വ്യക്തി 24 കാരനായ മുഹമ്മദ് അബ്ദുൽ ശുഹൈബ് മദീനയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

