മദീന വിമാനത്താവള വികസനം; പുരോഗതി വിലയിരുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി
text_fieldsമദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വികസന പ്രവർത്തനങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തുന്നു
മദീന: മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നുവരുന്ന രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ പുരോഗതി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലജ് നേരിട്ടെത്തി വിലയിരുത്തി. വിമാനത്താവളത്തിെൻറ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം വിശദമായി പരിശോധിച്ചു. സന്ദർശന ഭാഗമായി നടന്ന ഉന്നതതല യോഗത്തിൽ വികസന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് അവതരിപ്പിച്ചു. വിമാനത്താവളത്തിെൻറ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുതകുന്ന നൂതന പദ്ധതികളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമാണപ്രവർത്തനങ്ങളുടെ ഓരോ ഘട്ടവും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ മേധാവിയോട് വിശദീകരിച്ചു.
വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അദ്ദേഹം വിമാനത്താവള ടെർമിനലുകൾ സന്ദർശിച്ചു. തീർഥാടകരുടെയും മറ്റ് അന്താരാഷ്ട്ര യാത്രക്കാരുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും, സൗദി അറേബ്യയുടെ വ്യോമയാന ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള പ്രധാനകേന്ദ്രമായി മദീന വിമാനത്താവളത്തെ മാറ്റുക എന്നതാണ് ഈ സന്ദർശനത്തിെൻറ പ്രധാന ലക്ഷ്യം. ഏകദേശം 130 കോടി റിയാലിലധികം ചെലവഴിച്ചാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്. അന്താരാഷ്ട്ര സർവിസുകൾക്കായി പ്രതിവർഷം 55 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനലിെൻറ നിർമാണം പുരോഗമിക്കുന്നു. നിലവിലുള്ള ടെർമിനലിെൻറ ശേഷി പ്രതിവർഷം 1.25 കോടി യാത്രക്കാരായി ഉയർത്തുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന് പ്രതിവർഷം 1.8 കോടി യാത്രക്കാരെ സ്വീകരിക്കാൻ സാധിക്കും. യാത്രക്കാർക്കും തീർഥാടകർക്കും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ മദീന വിമാനത്താവളത്തിെൻറ പ്രാധാന്യം ആഗോളതലത്തിൽ ഉയർത്താനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

